തൊഴില്‍ തട്ടിപ്പില്‍ ശ്രീതു ഒറ്റയ്ക്കല്ല..! പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന; നെയ്യാറ്റിന്‍കര സ്വദേശി ഷിജുവില്‍ നിന്നും പണം വാങ്ങിയത് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ്; സെക്ഷന്‍ ഓഫീസറായ തന്റെ പേഴ്‌സണല്‍ ഡ്രൈവറെന്ന് പറഞ്ഞു; ആദ്യമാസം 28000 രൂപ ശമ്പളവും നല്‍കി; വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം കണ്ടെത്തി പോലീസ്

തൊഴില്‍ തട്ടിപ്പില്‍ ശ്രീതു ഒറ്റയ്ക്കല്ല..!

Update: 2025-02-03 02:58 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരിയുടെ അമ്മയായ ശ്രീതു സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങളാണ്. ഇവര്‍ ഉള്‍പ്പെട്ട വമ്പന്‍ തട്ടിപ്പു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര സ്വദേശി ഷിജു എന്നയാളാണ് പരാതിക്കാരന്‍.

വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇതിനുപിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതേസമയം ശ്രീതു ഒറ്റക്കല്ലെ തട്ടിപ്പു നടത്തിയതെന്ന് വ്യമായിട്ടുണ്ട്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ അടക്കം ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. തട്ടിപ്പില്‍ തന്നെ സഹായിച്ചവരുടെ പേരുകള്‍ പോലീസില്‍ ശ്രീതു നല്‍കിയിട്ടുണ്ട്. ഇവരിലേക്കും പോലീസ് അന്വേഷണം നീളുന്നുണ്ട്.

ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസറാണ് താനെന്ന് പറഞ്ഞാണ് ശ്രീജു ഷിജുവിനെ പരിചയപ്പെടുന്നത്. ജോലി ലഭിക്കാനായി പത്ത് ലക്ഷം രൂപയും വാങ്ങി. തന്റെ പേഴ്‌സണല്‍ ഡ്രൈവറായാണ് നിയമനം എന്നാണ് ഇയാളോട് പറഞ്ഞത്. പിന്നീട് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കുകയും ചെയത്ു. ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വരരുത് എന്നാണ് നിര്‍ദേശിച്ചിരുന്നത്. ബോര്‍ഡ് ഓഫീസ് പരിസരത്തു നിന്ന് ഷിജുവിന്റെ കാറില്‍ കയറി പോകുന്നതും ഇവര്‍ പതിവാക്കി. ഇങ്ങനെ ആദ്യ മാസം ജോലി ചെയ്തപ്പോള്‍ 28000 രൂപ ശമ്പളം കൃത്യമായി നല്‍കി.

പിന്നീടുള്ള മാസങ്ങളില്‍ ശമ്പളം കുടിശ്ശികയായി, തര്‍ക്കമുണ്ടായപ്പോള്‍ ഒരു ലക്ഷം കുടിശ്ശിക അടുത്തിടെ ഒരുമിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ ദേവേന്ദുവിന്റെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഷിജു താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ ശ്രീതുവിനെ സഹായിച്ചവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്. സഹായിച്ചവരുടെ പട്ടികയും നമ്പറും കണ്ടെത്തി. ഇവരെ പ്രാഥമിക അന്വേഷണത്തിന് ശേഷം കസ്റ്റഡിയിലെടുക്കും. ശ്രീതുവിനെ കസ്റ്റഡിയില്‍ വാങ്ങിയ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യും.

സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീതുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യംചെയ്തു. തുടര്‍ന്ന് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീതുവിനെതിരേ സാമ്പത്തികത്തട്ടിപ്പ് ആരോപിച്ച് പത്തുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഒരു കേസിലാണ് നടപടിയെടുത്തിട്ടുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, രണ്ടുവയസ്സുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഒപ്പം ശ്രീതുവിനെയും വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന. രണ്ടുവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുെത്തങ്കിലും കുറ്റകൃത്യത്തിനുള്ള പ്രേരണ ഉറപ്പിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.

സഹോദരിയുടെ രണ്ടുവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കുറ്റത്തിനാണ് കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ ഹരികുമാര്‍(24) റിമാന്‍ഡില്‍ കഴിയുന്നത്. ഹരികുമാറിന്റെ സഹോദരി ശ്രീതുവിന്റെ മകളെയാണ് കൊലപ്പെടുത്തിയത്. ശ്രീതുവിനോടുള്ള ഹരികുമാറിന്റെ ചില അസാധാരണ വാട്‌സാപ്പ് ചാറ്റുകള്‍ മാത്രമാണ് നിലവില്‍ പോലീസിന്റെ പക്കലുള്ള കാര്യമായ തെളിവ്.

ഹരികുമാറിന്റെ സ്വഭാവത്തില്‍ വൈകല്യങ്ങളുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ, ഹരികുമാര്‍ പരസ്പരവിരുദ്ധമായി മൊഴിമാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കൊലപാതകത്തില്‍ പങ്കുണ്ടോയെന്നുറപ്പിക്കാന്‍, പൂജപ്പുര മഹിളാമന്ദിരത്തില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ പോലീസ് ശനിയാഴ്ച വീണ്ടും ചോദ്യംചെയ്തിരുന്നു. ഇതിനുപുറമേ, സംഭവത്തില്‍ ബന്ധമുണ്ടെന്നു സംശയിച്ച ജ്യോത്സ്യനായ ശംഖുംമുഖം ദേവീദാസനെന്ന ആര്‍.പ്രദീപ് കുമാറിനെയും അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തു.

കൊലപാതകത്തിലേക്കു നയിക്കുന്ന പല കഥകളും ഇതിനകം പോലീസ് പുറത്തുവിട്ടെങ്കിലും ഒന്നിനും പിന്‍ബലം നല്‍കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. 29-ന് രാത്രിയില്‍ ഹരികുമാര്‍, വാട്‌സാപ്പ് സന്ദേശം വഴി ശ്രീതുവിനോട് മുറിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ശ്രീതു മുറിയിലെത്തിയെങ്കിലും ഉറങ്ങിക്കിടന്ന ദേവേന്ദു കരഞ്ഞതിനാല്‍ തിരികെപ്പോയി.

ഇതിനെത്തുടര്‍ന്ന് സഹോദരിയോടും രണ്ടുവയസ്സുകാരി ദേവേന്ദുവിനോടും തോന്നിയ വൈരാഗ്യത്താല്‍ കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 30-ന് പുലര്‍ച്ചെ ശ്രീതു ശൗചാലയത്തില്‍ പോയ സമയത്താണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് പ്രതി അടുക്കളവാതിലിലൂടെ പുറത്തെത്തി കിണറ്റിലെറിഞ്ഞത്. ദേവേന്ദുവിന്റെ ജനനത്തോടെയാണ് വീട്ടില്‍ പ്രശ്നങ്ങള്‍ക്കു തുടക്കമായതെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി ശ്രീതു ശനിയാഴ്ചത്തെ ചോദ്യംചെയ്യലിലും ആവര്‍ത്തിച്ചു. കൂടാതെ, ജ്യോത്സ്യന്‍ പറഞ്ഞതുപ്രകാരമാണ് ദേവേന്ദുവും ശ്രീതുവും തല മുണ്ഡനംചെയ്തതെന്നും അവര്‍ പറഞ്ഞു.

അതേസമയം കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കുന്നതിനുമായി നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ഹരികുമാറിനെ തിങ്കളാഴ്ച അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ മാസം മരിച്ച ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണത്തെ സംബന്ധിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.

Tags:    

Similar News