പത്തനംതിട്ടയില്‍ അഗ്‌നിവീര്‍ കോഴ്സ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; അധ്യാപകന്റെ മാനസിക പീഡനമെന്ന് ആരോപണം; 'ഹോട്ടലില്‍ മുറിയെടുത്ത് വിദ്യാര്‍ഥികളെ ഡേറ്റിങിന് വിളിക്കും, അമ്മമാരോടും ചാറ്റിങ്' നടത്തുകയാണ് അധ്യാപകനെന്ന് മരിച്ച 19 കാരിയുടെ മാതാവ്

പത്തനംതിട്ടയില്‍ അഗ്‌നിവീര്‍ കോഴ്സ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

Update: 2025-02-10 16:07 GMT

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 19 കാരി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം.

വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ രാജി ആരോപണം ഉന്നയിച്ചത്. അധ്യാപകന്‍ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും രാജി ആരോപിച്ചു. സ്ഥാപനത്തിനെതിരെ കൂടല്‍ പൊലീസിലും അമ്മ മൊഴി നല്‍കി.

അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങിനായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലില്‍ മുറിയെടുത്ത് ഡേറ്റിങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി നല്‍കിയെന്നും അമ്മ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് മകളോട് ക്ലാസില്‍ വരേണ്ടെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാന്‍ പറയാനായിരുന്നു അധ്യാപകന്‍ പറഞ്ഞത്. ഫോണ്‍ വിളിച്ചപ്പോള്‍ വാട്സാപ്പ് ഉള്ള ഫോണ്‍ എടുത്തൂടെ എന്നായിരുന്നു ചോദ്യം എന്നും അമ്മ രാജി പറഞ്ഞു. അധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരിവില്ലെന്നും അമ്മമാരുടെ വാട്സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യുകയാണെന്നും അമ്മ പറഞ്ഞു.

19 വയസുകാരി ചിറ്റാര്‍ സ്വദേശിനി ഗായത്രിയാണ് മരിച്ചത്. അടൂരിലെ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഇവിടുത്തെ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഗായത്രിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Tags:    

Similar News