കാണാതാകുന്നതിന് മുന്‍പ് കുട്ടി ഹാസ്റ്റല്‍ വാര്‍ഡന്റെ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാം വഴി ആരുമായോ ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി; വിദ്യാര്‍ഥി പുണെയിലെ ട്രെയിനില്‍ കയറുന്നതായി സിസിടിവി ദൃശ്യങ്ങള്‍; സൈനിക സ്‌കൂളില്‍ നിന്ന് കാണാതായ കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Update: 2025-03-30 07:15 GMT

കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശിയായ 13-കാരനായ വിദ്യാര്‍ത്ഥി സന്‍സ്‌കര്‍ കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയുടെ തിരോധാനത്തിനു മുമ്പ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാം വഴി ആരുമായോ ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആഴത്തിലാക്കുകയാണ്.

സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നു മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വാര്‍ഡന്റെ ഫോണില്‍ നിന്നാണ് ചാറ്റ് ചെയ്തതെന്ന് സംശയിക്കുന്നു. കാണാതാകുന്നതിന് മുമ്പ് സമാന അക്കൗണ്ടുകളില്‍ നിന്നു കോളുകളും സന്ദേശങ്ങളും കുട്ടിക്ക് ലഭിച്ചിരുന്നു. ഹോസ്റ്റലില്‍ നിന്നും രഹസ്യമായി പുറത്തുപോകാന്‍ വിദ്യാര്‍ത്ഥി അതിസാഹസിക നീക്കം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി.

കുട്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി പാലക്കാട് വഴി പുണെയിലേക്കുള്ള ട്രെയിനില്‍ കയറുന്നത് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായി. സഹപാഠികള്‍ നല്‍കിയ വിവരമനുസരിച്ച് കുട്ടി പുണെയില്‍ ചായ വില്‍ക്കാനായി പോകുമെന്നു പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. കാണാതായ കുട്ടിയുടെ പിതാവ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്ന് കേബിള്‍ പിടിച്ചിറങ്ങി കിടക്കയിലേക്ക് ചാടി രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കൈവശം രണ്ട് ആയിരത്തോളം രൂപ മാത്രമുണ്ടായിരുന്നു, മൊബൈല്‍ ഫോണോ മറ്റു ദിശാനിര്‍ദ്ദേശങ്ങളോ ഇല്ല. ബിഹാറിലെ മാതാപിതാക്കള്‍ക്കും കുട്ടിയെക്കുറിച്ചുള്ള വിവരം ലഭ്യമല്ല. ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം പുണെയായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി.

Tags:    

Similar News