പുതിയ പെണ്‍സുഹൃത്തിന്റെ മൊഴിയും ഐബിക്കാരന് എതിര്; നോര്‍ത്ത് ഈസ്റ്റിലെ 'കുംഭമേള' ചൂഷണത്തിലും അന്വേഷണം നീണ്ടേക്കും; ഗര്‍ഭഛിദ്രത്തിന് യുവതിയ്‌ക്കൊപ്പം പോയ സഹായിയും ഒളിവില്‍; ഇനി അന്വേഷണം മുമ്പോട്ട് പോകാന്‍ സുകേഷിനെ കിട്ടണം; പേട്ടയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കൂടുതല്‍ പ്രതികള്‍?

Update: 2025-04-06 04:10 GMT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷ് കുടുതല്‍ കുരുക്കിലേക്ക്. സുകാന്തിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ മൊഴി പോലീസ് ശേഖരിച്ചു. സുകാന്തിനെതിരെ ഇവരും മൊഴി നല്‍കിയിട്ടുണ്ട്. തന്നേയും ചതിച്ചുവെന്നാണ് ഈ യുവതിയുടെ നിലപാട്. ഐബിയിലെ തന്നെ ഉദ്യോഗസ്ഥയാണ് ഇവരും. നോര്‍ത്ത് ഈസ്റ്റിലെ മറ്റൊരു യുവതിയേയും സുകാന്ത് പ്രണയ ചതിയില്‍ വീഴ്ത്തിയിരുന്നു. കുംഭമേളയ്ക്കിടെ ഈ യുവതിയേയും ചൂഷണം ചെയ്തതായി ഐബി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സുകാന്ത് സുകേഷിനെ ഇനിയും കണ്ടെത്താന്‍ ഐബിയ്ക്കും കഴിയുന്നില്ല. സുകാന്തിനെ അറസ്റ്റു ചെയ്യുന്നത് തടയാത്ത ഹൈക്കോടതി തീരുമാനം എത്തിയിട്ടും പോലീസിനും സുകാന്തിനെ കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല.

സുകാന്തിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാല്‍സംഗത്തിനും തട്ടിക്കൊണ്ടു പോകലിനുമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയിരുന്നു. സുകാന്തിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ മൊഴി പോലീസ് ശേഖരിച്ചു. മറ്റ് ഐ.ബി. ഉദ്യോഗസ്ഥരുടെ മൊഴികളും ശേഖരിക്കുന്നു. സുകാന്തിനു വേണ്ടി തിരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുടെ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷിനെതിരെ ലൈംഗിക പീഡനത്തിന് തെളിവ് പുറത്തുവന്നതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. ഒളിവില്‍ പോയ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥ ഗര്‍ഭഛിദ്രം നടത്തിയിരുന്നൂവെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗര്‍ഭഛിദ്രത്തിന് പിന്നില്‍ മറ്റൊരു യുവതിയുടെ ഇടപെടല്‍ കൂടി തെളിഞ്ഞത്. ഇവരും ഐബി ഉദ്യോഗസ്ഥയാകാമെന്ന സംശയം പോലീസിനുണ്ട്. 2024 ജൂലായിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് ചികിത്സ തേടിയത്. ആദ്യം ആശുപത്രിയിലെത്തിയപ്പോള്‍ സുകാന്തും യുവതിയും ഒരുമിച്ചാണ് വന്നത്. ദമ്പതികള്‍ എന്നാണ് ആശുപത്രിയിലടക്കം പരിചയപ്പെടുത്തിയത്. വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തുമെല്ലാം വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രണ്ട് തവണ ആശുപത്രിയിലെത്തിയപ്പോഴും സുകാന്ത് വന്നില്ല. പകരം സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയേയാണ് ഐ.ബി ഉദ്യോഗസ്ഥക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിലും നല്ല പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് ഗര്‍ഭഛിദ്രത്തിന് സഹായിച്ചതെന്നും കരുതുന്നു. ഈ യുവതിയും ഒളിവില്‍ പോയെന്നാണ് സൂചന. ഈ യുവതിയും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്.

യുവതിയുടെ പിതാവ് പേട്ട പോലീസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. നേരത്തെ പോലീസ് കേസ് അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 24നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഐബി ഉദ്യോ?ഗസ്ഥ പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആദ്യഘട്ടത്തില്‍ ഗൗരവമായ അന്വേഷണം നടത്തിയിരുന്നില്ല. തുടര്‍ന്ന് മകളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ച മാതാപിതാക്കള്‍ പെണ്‍കുട്ടി സാമ്പത്തിക ചൂഷണത്തിന് വിധേയയായെന്ന് പരാതിപ്പെട്ടിരുന്നു.

മകള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടതായും കുടുംബം പൊലീസിന് പരാതി നല്‍കി. ഇതുസംബന്ധിച്ച പല തെളിവുകള്‍ ഇവര്‍ സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് കേസന്വേഷണം ശക്തമായത്. എന്നാല്‍ ഇതിനോടകം തന്നെ പ്രതി സുകാന്ത് സുരേഷ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയിരുന്നു. സഹപ്രവര്‍ത്തകനും ആണ്‍സുഹൃത്തുമായിരുന്ന സുകാന്ത് പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചതിന്റെയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയും താനും ദമ്പതികളാണെന്നു കാണിക്കാന്‍ വിവാഹക്ഷണക്കത്തുള്‍പ്പെടെയുള്ള രേഖകളാണു സുകാന്ത് വ്യാജമായി സൃഷ്ടിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യ ആശുപത്രിയില്‍ യുവതി ഗര്‍ഭഛിദ്രത്തിനു വിധേയയായപ്പോള്‍, ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിക്കാനാണു സുകാന്ത് വ്യാജമായി വിവാഹ ക്ഷണക്കത്ത് നിര്‍മിച്ചത്. ഇതിനു പുറമേ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു മൂന്നേകാല്‍ ലക്ഷം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സുകാന്ത് ലൈംഗികവും സാമ്പത്തികവുമായി ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ യുവതിയുടെ പിതാവ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ പേട്ട പൊലീസിനു ലഭിച്ചത്. താന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയാണെന്നറിയിച്ച് യുവതിയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് അവരുടെ അമ്മയ്ക്കു സുകാന്ത് സന്ദേശം അയച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാള്‍ സ്വദേശിയുമായ സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാപ്രേരണ, വഞ്ചന തുടങ്ങിയ കുറ്റങ്ങളുടെ വകുപ്പുകള്‍ ചുമത്തിയാണു തുടക്കത്തില്‍ കേസെടുത്തത്. ലഭിച്ച തെളിവുകളുടെ ഗൗരവം കണക്കിലെടുത്ത്, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് വരുംദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കും.

Tags:    

Similar News