ആത്മഹത്യ എന്നെ ടെലഗ്രാമില്‍ ചോദിച്ച ആണ്‍സുഹൃത്ത്; നിരന്തര ചോദ്യത്തിനൊടുവില്‍ സഹികെട്ട് ആഗസ്റ്റ് 9 ന് താന്‍ മരിക്കുമെന്ന് മറുപടി; ഐഫോണില്‍ നിന്നും തിരിച്ചു പിടിച്ച ചാറ്റുകളില്‍ എല്ലാ സത്യവുമുണ്ട്. ആ ഐബി ഉദ്യോഗസ്ഥയുടെ ജീവനെടുത്തത് സുകാന്തിന്റെ പ്രണയ ചതി തന്നെ; ഇനിയെങ്കിലും ആ ക്രൂരനെ പോലീസ് പിടികൂടി അഴിക്കുള്ളിലാക്കണം; ഹൈക്കോടതിയില്‍ നിന്നും ഇരുയെട കുടുംബം പ്രതീക്ഷിക്കുന്നത് നീതി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിനെതിരെ നിര്‍ണായ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സുകാന്തിന്റെ ഐഫോണിലെ ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. ഇതില്‍ സുഹൃത്തായ പെണ്‍കുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് ചോദിക്കുന്നതായി പൊലീസ് കണ്ടെത്തി. സുകാന്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പെണ്‍കുട്ടി മറുപടി നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 9 ന് താന്‍ മരിക്കുമെന്ന് പെണ്‍കുട്ടി മറുപടി നല്‍കുകയായിരുന്നു. ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ പെണ്‍കുട്ടിയുടെ ആത്മഹതയ്യിലെ സുകാന്തിന്റെ പങ്ക് വ്യക്തമാകുകയാണ്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് അന്വേഷണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മരണം ഉണ്ടായി 57 ദിവസം കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. രണ്ടു മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിനു വിശദീകരണം നല്‍കണമെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. സുകാന്ത് സുരേഷ് ഒളിവിലാണെന്ന പൊലീസിന്റെ വിശദീകരണവും കോടതി തള്ളി. ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവില്‍ കഴിയാനാകുമെന്ന് കോടതി ചോദിച്ചു. സുകാന്ത് മറ്റു സ്ത്രീകളെയും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ അറിയിച്ചു. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഐബി ഉദ്യോഗസ്ഥയുടെ കുടുംബത്തിന്റെ പ്രതീക്ഷ.
വിധി വരും വരെ സുകാന്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. തിരുവനന്തപുരം പേട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്തനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതല്‍ സുകാന്ത് ഒളിവിലാണ്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലും സുകാന്തിനെ അറസ്റ്റു ചെയ്യാന്‍ പോലീസിന് ആയില്ല. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് നിഗമനം. സുകാന്തിനെതിരായ തെളിവുകള്‍ എല്ലാം നല്‍കിയത് ഐബി ഉദ്യോഗസ്ഥയുടെ മാതാപിതാക്കളാണ്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ സുകാന്ത് സുരേഷിന്റെ വീട്ടില്‍ മാതാപിതാക്കള്‍ തിരിച്ചെത്തിയിരുന്നു. വട്ടംകുളം പഞ്ചായത്തിലെ ചന്തക്കുന്നിന് സമീപമുള്ള വീട് രണ്ടു മാസത്തോളമായി അടച്ചിട്ട നിലയിലായിരുന്നു. കഴിഞ്ഞ മാസമാണ് ഇവരെത്തിയത്. ഇതോടെ ചെറുതും വലുതുമായ എട്ടു പശുക്കള്‍, ഒരു വളര്‍ത്തു നായ, കോഴികള്‍ എന്നിവയെല്ലാം പട്ടിണിയിലായിരുന്നു. വിവരമറിഞ്ഞ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, വാര്‍ഡംഗം ഇ.എസ്. സുകുമാരന്‍ എന്നിവരും പരിസരവാസികളുമെത്തിയാണ് കുറച്ചുദിവസം ഇവയെ സംരക്ഷിച്ചത്. പിന്നീട് ഗ്രാമപ്പഞ്ചായത്തും മൃഗാശുപത്രിയിലെ ഡോ. എന്‍.എം. മായയും പ്രത്യേകയോഗംചേര്‍ന്ന് ഇവയെ വട്ടംകുളം ഡെയറിഫാം അസോസിയേഷന്റെ സഹായത്തോടെ വട്ടംകുളം ചേകന്നൂര്‍ റോഡിലെ ഫാമിലേക്ക് മാറ്റി. അന്നു മുതല്‍ അസോസിയേഷന്‍ പ്രവര്‍ത്തകനായ തൈക്കാട്ടെ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഇവയെ സംരക്ഷിച്ചുവരുന്നത്.
പിന്നീട് സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ പോലീസിനു മുന്നില്‍ നേരിട്ട് ഹാജരായതോടെയാണ് ഇവര്‍ക്ക് വീട്ടില്‍ താമസിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഡെയറി ഫാമില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ ഏറ്റുവാങ്ങി. സംരക്ഷിക്കാന്‍ ചെലവായ 15,170 രൂപ ലത്തീഫിന് നല്‍കി. അതിന് ശേഷവും പോലീസിന് സുകാന്തിനെ കണ്ടെത്താനായില്ല.