എട്ടുമാസം പ്രായമുള്ള കുട്ടിയുമായി എത്തി ആഭരണം ചോദിച്ചു; തരില്ലെന്ന് പറഞ്ഞപ്പോള്‍ കുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; കീഴ് വായ്പൂരിലെ ചതിയൊരുക്കിയത് സൗഹൃദം മുതലെടുത്ത്; സ്വര്‍ണ്ണം വിറ്റു മുക്കുപണ്ടം വാങ്ങി ഭര്‍ത്താവിനേയും പറ്റിച്ചു; സുമയ്യയുടെ ക്രൂരത പിഞ്ചു കുട്ടിയുമായെത്തി

Update: 2025-10-18 05:35 GMT

പത്തനംതിട്ട: കീഴ്വായ്പൂരില്‍ മോഷണശ്രമത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തി ചികിത്സയിലായിരുന്ന ആശാപ്രവര്‍ത്തക ലതാകുമാരി മരിച്ച സംഭവത്തില്‍ ചതിയൊരുക്കിയത് സൗഹൃദം മുതലെടുത്ത്. പ്രതി സുമയ്യയും ലതാകുമാരിയും ദീര്‍ഘനാളുകളായി സുഹൃത്തുക്കളായിരുന്നു. സുമയ്യയുടെ കുട്ടികളെ പലപ്പോഴും പരിചരിക്കുന്നത് ലതാകുമാരിയായിരുന്നു. ആശാവര്‍ക്കറായിരുന്നു ലതാകുമാരി. ഈ അടുപ്പം ഉപയോഗിച്ചാണ് മോഷണം ആസുത്രണം ചെയ്തത്. ഇത് കൊലയായി മാറുകയും ചെയ്തു.

അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് സുമയ്യ ലതാകുമാരിയോട് ഒരു ലക്ഷം രൂപ കടം ചോദിച്ചു. അത്രയും പണം കൈവശമില്ലെന്ന് അറിയിച്ചപ്പോള്‍ പിറ്റേദിവസം എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി സുമയ്യ ലതാകുമാരിയുടെ വീട്ടിലെത്തി സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ നല്‍കാന്‍ ലതാകുമാരി വിസമ്മതിച്ചു. ഇതോടെ കൈയില്‍ കരുതിയ പിച്ചാത്തി ഉപയോഗിച്ച് ലതാകുമാരിയുടെ കഴുത്തില്‍ കുത്തി. അതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.

തീ പടര്‍ന്നപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള മറ്റൊരു വീട്ടിലേക്ക് സുമയ്യ പോയി. ലതാകുമാരിയുടെ മൊഴിയെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ സംഭവസമയത്ത് താന്‍ ഈ വീട്ടിലായിരുന്നു എന്നും കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്നുമാണ് സുമയ്യ പറഞ്ഞത്. പക്ഷേ ലതാകുമാരിയുടെ മൊഴി പോലീസ് ഗൗരവത്തില്‍ എടുത്തു. ഇതോടെ വിശദ അന്വേഷണം നടന്നു. അങ്ങനെയാണ് സുമയ്യ പിടിയിലായത്.

കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവറിയാതെ നടത്തിയ ഓഹരി ട്രേഡിങ്ങിലൂടെ 40 ലക്ഷത്തിലധികം രൂപ നഷ്ടപ്പെടുത്തിയ സുമയ്യ ഈ ബാധ്യത തീര്‍ക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നും വന്‍ തുകകള്‍ വായ്പയെടുത്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സുമയ്യയ്ക്ക് ഉണ്ടായിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവറിയാതെ വിറ്റശേഷം സമാനമായ മുക്കുപണ്ടങ്ങള്‍ സുമയ്യ വാങ്ങി സൂക്ഷിച്ചിരുന്നു.

ബാധ്യത കുന്നുകൂടിയതോടെയാണ് മോഷണവും കൊലയും നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് ലതയുടെ മരണം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് സംഭവം. പ്രതി സുമയ്യ റിമാന്‍ഡിലാണ്. ഇനി കൊലക്കുറ്റവും ചുമത്തും.ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്വായ്പൂര്‍ പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നല്‍കിയിരുന്നു. സമീപത്തെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് വീട്ടില്‍ അതിക്രമിച്ചുകയറി തീകൊളുത്തിയതെന്നും മൊഴിലുണ്ടായിരുന്നു. സുമയ്യ തന്നോട് സ്വര്‍ണാഭരണങ്ങള്‍ ചോദിച്ചിരുന്നു. അത് കൊടുക്കാത്തതിലുള്ള പകയാണ് അതിക്രമത്തിന് പിന്നിലെന്നും ലതാകുമാരി അന്ന് പൊലീസിനോട് വ്യക്തമാക്കി. തന്നെ കെട്ടിയിട്ട ശേഷം സുമയ്യ മാലയും വളയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കവര്‍ന്നെന്നും മൊഴിയിലുണ്ടായിരുന്നു.

Tags:    

Similar News