നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണം; മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ദിഷയുടെ പിതാവ്; ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങള്‍ക്കും എതിരെ എഫ്‌ഐആര്‍; കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ക്കുമെതിരെയും പരാതി

Update: 2025-03-26 04:31 GMT

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ (28) മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെയ്‌ക്കെതിരെയും ബോളിവുഡ് താരങ്ങള്‍ക്കെതിരെയും എഫ്‌ഐആര്‍. റിയ ചക്രവര്‍ത്തി, ഡിനോ മൊറിയ, സൂരജ് പഞ്ചോളി എന്നീ ബോളിവുഡ് താരങ്ങള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂടാതെ ദിഷയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഓഫീസര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിഷയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നും കേസിന്റെ അന്വേഷണത്തില്‍ അന്നത്തെ മുംബൈ പൊലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മകളുടെ മരണത്തിനു പിന്നിലെ സത്യമറിയണമെന്നാണ് പിതാവിന്റെ ആവശ്യം.

ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ പരാതി നല്‍കിയിരുന്നു. മകളുടെ മരണത്തില്‍ സംശയാസ്പദ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഏപ്രില്‍ 2ന് കേസ് പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നിര്‍ണായക നീക്കം.

2020 ജൂണില്‍ മലാഡിലെ 14 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയിലാണ് ദിഷയെ കണ്ടെത്തിയത്. ഒരു ആഴ്ചയ്ക്കകം തന്നെ സുശാന്ത് സിങ് രജ്പുത് തൂങ്ങിമരിച്ച നിലയില്‍ ബാന്ദ്രയിലെ ഫ്ലാറ്റില്‍ കണ്ടെത്തി. ഇതോടെ ദിഷയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ ശക്തമായി.

തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് പരിശോധിച്ചു. എന്നാല്‍ ദിഷയും സുശാന്തും ആത്മഹത്യ ചെയ്തതാണെന്നതായിരുന്നു ആദ്യം പൊലീസ് എത്തിയ നിഗമനം. എന്നാല്‍ സുശാന്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കേസ് സിബിഐക്ക് കൈമാറി.

ഇപ്പോള്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടും ഇരുവരുടെയും മരണം ആത്മഹത്യയാണെന്നതില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് പുതിയ ആരോപണങ്ങളെയും പ്രതികളെതിരായ കേസിനെയും പോലീസ് തല്‍സമയത്തുതന്നെ അന്വേഷിക്കേണ്ടതായിക്കൊണ്ടിരിക്കുന്നത്.

Tags:    

Similar News