സുഹൃത്തിന്റെ സഹോദരിയുമായി പ്രണയം; ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ജാതി മാറി വിവാഹം; ദളിത് യുവാവിനെ കൊലപ്പെടുത്തി കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു; മുഖം അടിച്ചു തകര്‍ത്തു; തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ അന്വേഷണം തുടരുന്നു

തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ അന്വേഷണം തുടരുന്നു

Update: 2025-01-28 10:10 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും ദുരഭിമാനക്കൊല. സൂര്യപേട്ടിലാണ് ദളിത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണ(32) ആണ് മരിച്ചത്. മുസി നദിയിലെ കനാലിന്റെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന യുവാവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യപിതാവ് അടക്കം നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഭീഷണി അവഗണിച്ച് ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കൃഷ്ണയുടെ ഭാര്യ കോട്ല ഭാര്‍ഗവിയുടെ പിതാവ് കോട്ല സെയ്ദുലു, സഹോദരങ്ങളായ കോട്ല നവീന്‍, കോട്ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആറുമാസം മുമ്പായിരുന്നു കൃഷ്ണയുടെ വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനാല്‍ ബന്ധുക്കളില്‍നിന്ന് എതിര്‍പ്പും ഭീഷണിയും ഉണ്ടായിരുന്നതായി കൃഷ്ണയുടെ പിതാവ് ഡേവിസും ഭാര്യ ഭാര്‍ഗവിയും ആരോപിച്ചു.

സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാമില്ലഗദ്ദ സ്വദേശിയായ വഡ്കൊണ്ട കൃഷ്ണയാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്തു കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകള്‍ ഉപയോഗിച്ച് അടിച്ചു തകര്‍ത്ത നിലയിലാണ്.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറു മാസം മുമ്പാണ് കൃഷ്ണ മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയായ കോട്ല ഭാര്‍ഗവിയെ വിവാഹം കഴിച്ചത്. ഭാര്‍ഗവി ഗൗഡ് (ഒബിസി) വിഭാഗത്തില്‍ നിന്നുള്ള യുവതിയായിരുന്നു. വിവാഹത്തിന് വലിയ എതിര്‍പ്പാണ് യുവതിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.

''ഇത് ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ഇയാള്‍ക്കെതിരെ ഏതാനും കേസുകളുണ്ടായിരുന്നു. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ ഇപ്പോള്‍ സാധിക്കില്ല.'' പൊലീസ് സൂപ്രണ്ട് സണ്‍പ്രീത് സിങ് പറഞ്ഞു. കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സൂര്യപേട്ടിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൃഷ്ണയും നവീനും സുഹൃത്തുക്കളായിരുന്നുവെന്നും നവീന്റെ സഹോദരി ഭാര്‍ഗവിയുമായി കൃഷ്ണ പ്രണയത്തിലായിരുന്നുവെന്നും സൂര്യപേട്ട് റൂറല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ ബാലു നായികിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നവീന്റെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഭാര്‍ഗവിയുമായുള്ള കൃഷ്ണയുടെ വിവാഹം. കൃഷ്ണയ്ക്കെതിരെ സൂര്യപേട്ട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമക്കേസുകളും നവീനെതിരെ സമാനമായ നാല് കേസുകളുമുണ്ട്. കൊലപാതകത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Tags:    

Similar News