മൂത്രാശയ അര്‍ബുദത്തിനൊപ്പം പാര്‍ക്കിന്‍സണ്‍ രോഗം; ഡോക്ടറില്‍ നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറിയ തഹാവൂര്‍ റാണയുടെ ജീവിതം ഞെട്ടിക്കുന്നത്; ഹെഡ്‌ലിക്ക് വേണ്ടി രഹസ്യം ചോര്‍ത്താനായി കേരളത്തിലുമെത്തി; അമേരിക്ക വിട്ടു നല്‍കിയ ആ കൊടുംഭീകരനുമായി എന്‍ഐഎ കൊച്ചിയിലുമെത്തും; മുംബൈ ഭീകരാക്രമണ അന്വേഷണം മലയാളികളിലേക്ക് എത്തുമോ? റാണയുടെ മൊഴികള്‍ നിര്‍ണ്ണായകമാകും
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ തഹാവൂര്‍ റാണ തത്ക്കാലം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരിക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയ ശേഷമുള്ള നടപടികള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റും നിരീക്ഷിച്ചുവരികയാണ്. ലോസ് എയ്ഞ്ചല്‍സിലെ മെട്രോ പോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലായിരുന്ന റാണയെ ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് കൈമാറിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 മുതല്‍ നടത്തുന്ന നിയമ, നയതന്ത്ര തലയുദ്ധങ്ങളുടെ വിജയമാണ് തഹാവൂര്‍ റാണയെ വിട്ടു കിട്ടിയതില്‍ പ്രതിഫലിക്കുന്നത്. റാണയുടെ കാര്യം സൂചിപ്പിച്ച് 2019 ഡിസംബറിലാണ് വിദേശകാര്യ മന്ത്രാലയം വഴി അമേരിക്കയ്ക്ക് കത്തു നല്കിയത്. പിന്നീട് അറസ്റ്റാവശ്യപ്പെട്ട് 2020 ജൂണില്‍ കത്തു നല്കി. ഇതാണ് പ്രതിയുടെ കൈമാറ്റത്തിലേക്ക് എത്തിയത്.
റാണയുമായി എന്‍ഐഎ മുംബൈ, ആഗ്ര, ഹാപ്പൂര്‍, കൊച്ചി, അഹമ്മദാബാദ് നഗരങ്ങളില്‍ തെളിവെടുപ്പ് നടത്തും. 2008ലെ ഭീകരാക്രമണത്തിനു മുന്‍പ് ഈ നഗരങ്ങളില്‍ എല്ലാം റാണ തന്റെ ഭാര്യയ്ക്കൊപ്പം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാക് ഭീകരരെ മുംബൈയില്‍ എത്തിച്ചതും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയതും ആരൊക്കെ, അവര്‍ക്ക് പാക് സൈന്യം, ചാര സംഘടന എന്നിവയുമായുള്ള ബന്ധം ഭാരതം തൂക്കിക്കൊന്ന മുഖ്യപ്രമതി അജ്മല്‍ കസബുമായുള്ള ബന്ധം എന്നിവയെല്ലാം ഏജന്‍സി ഇയാളോട് തിരക്കും. റാണയുടെ കൂട്ടു പ്രതി ഹെഡ്ലി അമേരിക്കയില്‍ 35 വര്‍ഷത്തെ തടവിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2009ലാണ് യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ ഹെഡ്ലിയെ അറസ്റ്റു ചെയ്തത്. സൈനിക ഡോക്ടറായിരുന്നു റാണ. പാക് വംശജനും യുഎസ് ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അനുയായി ആയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹെഡ്ലി. ഹെഡ്ലിക്കും തഹാവൂര്‍ റാണയ്ക്കും പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തന്റൈ ആരോഗ്യം മോശമാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് റാണ നല്കിയ ഹര്‍ജികള്‍ എല്ലാം യുഎസ് കോടതികള്‍ തള്ളിയിരുന്നു. ഇയാള്‍ക്ക് മൂത്രാശയ അര്‍ബുദമാണ്. ഇതിനു പുറേമ, പാര്‍ക്കിന്‍സന്‍സ് രോഗവുമുണ്ട്. ഡോക്ടറില്‍ നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറിയ തഹാവൂര്‍ റാണയുടെ ജീവിതം ഞെട്ടിക്കുന്നതാണ്.
ഇയാളെ കൈമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ എത്തി സ്ഫോടനം നടത്തേണ്ട സ്ഥലങ്ങള്‍ നോക്കിവയ്ക്കാനും തയാറെടുപ്പുകള്‍ നടത്താനും ഹെഡ്ലിക്കു വേണ്ട സൗകര്യങ്ങള്‍ എല്ലാം ഒരുക്കി നല്കിയതും തഹാവൂര്‍ റാണയാണ്. ഭീകരാക്രമണത്തെ വാഴ്ത്തിപ്പാടിയ റാണ, ഇതിന് മുതിര്‍ന്ന പാക് ഭീകരര്‍ക്ക് ഉയര്‍ന്ന പാക് സൈനിക പുരസ്‌കാരങ്ങളും ബഹുമതികളും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റാണയുടെ കേസിന്റെ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ സിബിഐയെ പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അഭിഭാഷകന്‍ നരേന്ദര്‍ മന്നെയാണ് നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നരേന്ദര്‍ മന്നെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഡല്‍ഹിയിലെത്തിയാല്‍ ഉടന്‍ എന്‍ഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. തുടര്‍ന്ന് വിര്‍ച്വലായി കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. തിഹാര്‍ ജയിലില്‍ ആയിരിക്കും ഇയാളെ പാര്‍പ്പിക്കുക. ജയിലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ അടക്കം എത്തിയതിന്റെ കാര്യ കാരണങ്ങള്‍ എന്‍ഐഎ തേടും. മലയാളികളുമായി ആശയ വിനിമയം റാണ നടത്തിയിട്ടുണ്ടെങ്കില്‍ അവരിലേക്കും അന്വേഷണം നീളും.
2019ലാണ് റാണയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നല്‍കിയത്. തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാല്‍ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്തത്. ബാല്യകാല സുഹൃത്തും പാക് വംശജനുമായ- അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ചേര്‍ന്ന് ലഷ്‌കറെ തയ്ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയന്‍ വ്യവസായി റാണയ്‌ക്കെതിരെയുള്ള കേസ്. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടന്നത്. താജ് ഹോട്ടല്‍, ഒബ്റോയ് ട്രൈഡന്റ് ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനസ്, ലിയോപോള്‍ഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാന്‍ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. കടല്‍ മാര്‍ഗം മുംബൈയിലെത്തിയ 10 പാകിസ്ഥാന്‍ ഭീകരര്‍ 60 മണിക്കൂറിലധികമാണ് മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇതേ കേസില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു.
64 വയസ്സുള്ള പാക്ക് വംശജനായ റാണ പാക് സൈന്യത്തില്‍ ഡോക്ടറായിരുന്നു. 1990ല്‍ കാനഡയിലേക്ക് കുടിയേറി. അവിടെ പൗരത്വവുമെടുത്തു. പിന്നീട് യുഎസിലെ ചിക്കാഗോയിലേക്ക് താമസം മാറി. പാക്കിസ്ഥാനിയായ പിതാവിനും അമേരിക്കന്‍ മാതാവിനും യുഎസില്‍ ജനിച്ച ഹെഡ്ലിയും റാണയും ലഷ്‌കറെ, ഹര്‍ക്കത്ത്- ഉല്‍ ജിഹാദി ഇസ്ലാമി എന്നീ സംഘടനകളുമായി ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 2009ലാണ് എന്‍ഐഎ ഹെഡ്ലിയെയും റാണയെയും മുംബൈ ഭീകരവാദ കേസില്‍ പ്രതിചേര്‍ക്കുന്നത്. ഹെഡ്ലിക്ക് ഇന്ത്യയിലേക്ക് വരാനുള്ള വീസ ലഭിക്കാന്‍ റാണ സഹായിച്ചു. മുംബൈയില്‍ 'ഇമിഗ്രന്റ് ലോ സെന്റര്‍' സ്ഥാപിച്ചതും റാണയാണ്. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് മുന്‍പ് ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാനും വിവരശേഖരണം നടത്താനും ഹെഡ്ലി മുംബൈയിലെത്തിയപ്പോള്‍ റാണ സഹായം നല്‍കി.
ആക്രമണത്തിന്റെ അവസാന ആസൂത്രണം നടക്കുന്ന 2008 നവംബര്‍ 13നും 21നുമിടയില്‍ പോലും റാണയും ഭാര്യ സമ്രാസിനൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് കണ്ടെത്തല്‍. പല ഘട്ടങ്ങളിലുള്ള ഇന്ത്യാ സന്ദര്‍ശനത്തിനടെ ഹെഡ്ലിയും റാണയും 200ലേറെ തവണ ഫോണില്‍ സംസാരിച്ചു. റാണയെ അറസ്റ്റ് ചെയ്തത് എഫ്ബിഐയാണ്. 2009 ഒക്ടോബറില്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെ ഒരു പത്രസ്ഥാപനം ആക്രമിക്കാനുള്ള റാണയുടെയും ഹെഡ്ലിയുടെയും പദ്ധതി എഫ്ബിഐ പരാജയപ്പെടുത്തിയിരുന്നു.