'നിങ്ങൾക്ക് ഇതുവരെ എന്നെ മനസ്സിലായിട്ടില്ല, ഇനി മനസിലായിക്കോളും'; അക്രമികൾ വെടിയുതിർത്തത് സഹപ്രവർത്തകരോടൊപ്പം നടക്കാനിറങ്ങിയ അധ്യാപകന് നേരെ; പരിഭ്രാന്തരായ ആളുകൾ ചിതറിയോടി; മരിച്ചിട്ടും നിർത്താതെ വെടിയുതിർത്ത് കൊലപാതകി; അലിഗഢ് സർവകലാശാല അധ്യാപകൻ ഡാനിഷ് റാവുവിന്റെ കൊലപാതകം ഞെട്ടിക്കുന്നത്

Update: 2025-12-26 10:30 GMT

അലിഗഡ്: അലിഗഡ് മുസ്ലീം സർവകലാശാല (എഎംയു) ക്യാമ്പസിൽ അധ്യാപകൻ ഡാനിഷ് റാവുവിനെ സ്കൂട്ടറിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബുധനാഴ്ച രാത്രി സഹപ്രവർത്തകർക്കൊപ്പം നടക്കാനിറങ്ങിയ റാവുവിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റ് നിലത്തുവീണതിന് ശേഷവും അക്രമികളിലൊരാൾ അദ്ദേഹത്തിന്റെ തലയിലേക്ക് തുടർച്ചയായി വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

രണ്ട് അക്രമികളാണ് ഡാനിഷ് റാവുവിനെ വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. വെടിയുതിർക്കുന്നതിന് മുമ്പ് അക്രമികളിലൊരാൾ റാവുവിനോട്, "നിങ്ങൾക്ക് ഇതുവരെ എന്നെ മനസ്സിലായിട്ടില്ല, ഇനി മനസിലായിക്കോളും" എന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കെന്നഡി ഹാളിന് മുന്നിൽ നടന്ന ഈ ക്രൂരമായ ആക്രമണത്തിൽ കുറഞ്ഞത് ആറ് വെടിയൊച്ചകളെങ്കിലും കേട്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ ക്യാമ്പസിലുണ്ടായിരുന്ന ആളുകൾ പരിഭ്രാന്തരായി ചിതറിയോടി.

എഎംയു ക്യാമ്പസിലെ എബികെ ഹൈസ്കൂളിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി 11 വർഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഡാനിഷ് റാവു. വെടിയേറ്റയുടൻ സമീപത്തെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ആറ് പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

അന്വേഷണത്തിനായി നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്.പി. മായങ്ക് പാഠക് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും വ്യക്തിപരമായ വിരോധം ഉൾപ്പെടെ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട ദാനിഷിന്റെ കുടുംബത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്.പി. കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് സർവകലാശാലാ കാമ്പസിൽ പോലീസ് സുരക്ഷ ശക്തമാക്കി. 

Tags:    

Similar News