ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി; സെക്യൂരിറ്റിയെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി സ്ഥലം വിട്ടു; കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം; പരിസത്തെ വീട്ടിൽ നിന്നും ബൈക്കും കാണാതായി; പിന്നിൽ ഹിന്ദി സംസാരിക്കുന്ന ആളെന്ന് സംശയം

Update: 2026-01-21 09:17 GMT

കുന്നംകുളം: നഗരമധ്യത്തിലെ അതീവ സുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ്, തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയത്.

ഹിന്ദി സംസാരിക്കുന്നയാളെന്ന് സംശയിക്കുന്ന മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞയുടൻ നൈറ്റ് ഓഫീസർ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

പ്രതിക്കായി പരിസരപ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതി ഓഫീസിൽ നിന്ന് പ്രധാനപ്പെട്ട രേഖകളോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കോടതി പരിസരത്തെ ഒരു വീട്ടിൽ നിന്ന് ഇതേ സമയത്ത് ഒരു ബൈക്കും മോഷണം പോയിരുന്നു. കോടതിയിൽ മോഷണശ്രമം നടത്തിയയാൾ തന്നെയാണോ ബൈക്ക് മോഷണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

Tags:    

Similar News