കണ്ണൂരില്‍ ബംഗളുരുവിലെ ബേക്കറി ഉടമയെ ബസ് ഇറങ്ങിയപ്പോള്‍ തട്ടി കൊണ്ടുപോയി ഒന്‍പതു ലക്ഷം കൊള്ളയടിച്ച് വഴിയില്‍ തള്ളി; കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റു ചെയ്തു

കണ്ണൂരില്‍ ബംഗളുരുവിലെ ബേക്കറി ഉടമയെ ബസ് ഇറങ്ങിയപ്പോള്‍ തട്ടി കൊണ്ടുപോയി ഒന്‍പതു ലക്ഷം കൊള്ളയടിച്ച് വഴിയില്‍ തള്ളി

Update: 2025-01-09 10:05 GMT

കണ്ണൂര്‍: ബംഗ് ളൂരുവിലെ ബേക്കറിയുടമ ഏച്ചൂര്‍ കമാല്‍പീടികയിലെ പി.പി.മുഹമ്മദ് റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇരിക്കൂര്‍ പെടയങ്ങോട് പുതിയപുരയില്‍ ഹൗസില്‍ ഷിനോജിനെ (40)യാണ് ചക്കരക്കല്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പി.പി.റഫീഖിനെ തട്ടിക്കൊണ്ടുപോയി ഒന്‍പതുലക്ഷം രൂപയാണ് കവര്‍ന്നത്.

കവര്‍ച്ചസംഘം ഉപയോഗിച്ച കാര്‍ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് ബെംഗളുരുവില്‍നിന്ന് ബസില്‍ ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ കമാല്‍പീടികയിലിറങ്ങിയ റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൈയിലെ ബാഗിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് ക്രൂരമായി മര്‍ദിച്ച് റഫീഖിനെ കാപ്പാട് വിജനമായ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു.

ഇവിടെ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ ഇയാള്‍ അന്നേ ദിവസം തന്നെ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്‌ക്രൂഡ്രൈവര്‍, ഇരുമ്പ് കമ്പി എന്നിവ കൊണ്ടു കുത്തുകയും ദേഹമാകെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതിനാല്‍ റഫീഖ് ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ വിവരം നല്‍കിയ കാറിന്റെ വിവരമനുസരിച്ചാണ് നാലംഗ സംഘത്തെ പിടികൂടാന്‍ പൊലിസ് അന്വേഷണമാരംഭിച്ചത്. കാറിന്റെ ചിത്രം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതാണ് കേസില്‍ വഴിതിരിവുണ്ടാകാന്‍ കാരണം.

കേസില്‍ മറ്റു പ്രതികളായ കാസര്‍ഗോഡ് കോളിയടുക്കം സ്വദേശി അഷറഫ്, ബദിയടുക്ക സ്വദേശി മുസമ്മില്‍, ഇരിക്കൂര്‍ കല്യാട് സ്വദേശി സിജോയ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ വ്യാജമായി കുറ്റസമ്മതം നടത്തി സ്റ്റേഷനില്‍ ഹാജരായതാണെന്ന് പിന്നീടാണ് മനസിലായത്.

കുഴല്‍പണം പൊട്ടിക്കല്‍, ക്വട്ടേഷന്‍, സംഘത്തില്‍ ഉള്‍പ്പെട്ട ഷിനോജിനെതിരെ കല്‍പ്പറ്റയിലും സമാനമായ കൊള്ളയ്ക്ക് കേസുണ്ട്. ചക്കരക്കല്‍ സി.ഐ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News