കേരളം മുഴുവന്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ അപ്പനും മകനും; പോലീസിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം: എന്നിട്ടും വിടാതെ കീഴടക്കി: കാമാക്ഷി ബിജുവും മകനും അറസ്റ്റില്‍

കേരളം മുഴുവന്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ അപ്പനും മകനും; പോലീസിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം: എന്നിട്ടും വിടാതെ കീഴടക്കി: കാമാക്ഷി ബിജുവും മകനും അറസ്റ്റില്‍

Update: 2026-01-19 09:20 GMT

തൊടുപുഴ: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളായ അച്ഛനെയും മകനെയും പോലീസ് സാഹസികമായി പിടികൂടി. കാമാക്ഷി എസ്.ഐ എന്ന പേരില്‍ അറിയപ്പെടുന്ന കാമാക്ഷി വലിയപറമ്പില്‍ ബിജു (53), മകന്‍ വിപിന്‍ ബിജു (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.

തൊടുപുഴയില്‍ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിനിടെയാണ് മുന്‍കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബിജുവിനെയും മകനെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവില്‍ ഇവരെ കുടുക്കിയത്.

ഡിവൈ.എസ്.പി പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വളഞ്ഞത്. കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ, തങ്കമണി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഏകദേശം 12ഓളം എല്‍.പി. വാറണ്ടുകള്‍ നിലവിലുള്ള പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു.

എസ്ഐ അജീഷ് ജോണ്‍, ഡിവൈ.എസ്.പി സ്‌ക്വാഡിലെ എസ്.ഐ. ഷംസുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് ബാബു, ഷാജഹാന്‍, സി.പി.ഒ. മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News