വീടിന്റെ പിൻവശത്തുള്ള പടിക്കെട്ടിലൂടെ അകത്തുകടന്നു; വയോധികയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി; പിന്നാലെ ഒന്നര പവന്റെ സ്വർണമാലയും മോതിരവും കവർന്നു; വയോധികയുടെ മൊഴിയിൽ പച്ച ഷർട്ടും ഹെൽമറ്റും ധരിച്ചെത്തിയ ആൾക്കായി അന്വേഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്

Update: 2025-08-19 04:47 GMT

തിരുവനന്തപുരം: ഉള്ളൂരിൽ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വയോധികയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ആക്കുളം സ്വദേശി മധുവിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. വയോധിക താമസിക്കുന്ന വീടിന്റെ താഴത്തെ നിലയിലുള്ള ബേക്കറിയിലെ ജീവനക്കാരനാണ് ഇയാൾ.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ അഞ്ചുവർഷമായി തനിച്ചുതാമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തുള്ള പടിക്കെട്ടിലൂടെ അകത്തുകടന്ന പ്രതി ഉഷാകുമാരിയെ മുറിയിലെ കട്ടിലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകി ശബ്ദം പുറത്തുവരാതെ തടയുകയും ചെയ്തു. തുടര്‍ന്ന് ഒന്നര പവന്റെ സ്വർണമാലയും മോതിരവും കവർന്ന് കടന്നുകളയുകയായിരുന്നു.

പച്ച ഷർട്ടും ഹെൽമറ്റും ധരിച്ചയാളാണ് ആക്രമിച്ചതെന്ന് ഉഷാകുമാരി പോലീസിന് മൊഴി നൽകി. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെ മധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തുടക്കത്തിൽ കുറ്റം സമ്മതിക്കാൻ മധു തയ്യാറായിരുന്നില്ല. എന്നാൽ, മോഷ്ടിച്ച സ്വർണം വിറ്റ് ലഭിച്ച ഏകദേശം ഒന്നര ലക്ഷം രൂപ ഇയാൾ ഒളിപ്പിച്ചുവെച്ചതായി പോലീസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചയോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Tags:    

Similar News