രണ്ട് നെക്ലേസുകൾ ഒരേ സമയം മടിയിൽ വച്ചു നോക്കി; ഒപ്പമുണ്ടായിരുന്ന പുരുഷൻ ജീവനക്കാരുമായി സംസാരിച്ച് ശ്രദ്ധ തിരിച്ചു; തക്കം നോക്കി സ്ത്രീ നെക്ലേസ് സാരിക്കടിയിൽ ഒളിപ്പിച്ച് പുറത്ത് പോയി; മോഷണ വിവരം പുറത്തറിയുന്നത് ജ്വല്ലറിയിലെ സ്റ്റോക്ക് നോക്കിയപ്പോൾ
ലഖ്നൗ: ജ്വല്ലറിയിൽ നിന്ന് ആറ് ലക്ഷം രൂപയുടെ സ്വർണ നെക്ലേസ് മോഷ്ടിച്ച കേസിൽ ദമ്പതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സ്വർണം വാങ്ങാനെത്തിയ വ്യാജേനയാണ് ഇവർ മോഷണം നടത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ജ്വല്ലറിയിലാണ് സംഭവം.
ജ്വല്ലറി അടയ്ക്കുന്ന സമയത്ത് സ്റ്റോക്ക് പരിശോധിക്കവെയാണ് സ്വർണത്തിൻ്റെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദമ്പതികളുടെ മോഷണം പുറത്തറിഞ്ഞത്. മാലകൾ നോക്കുന്നതിനിടയിൽ, സ്ത്രീ സാരിക്കുള്ളിൽ ഒരു നെക്ലേസ് ഒളിപ്പിക്കുന്നതിൻ്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പുരുഷൻ ജീവനക്കാരുമായി സംസാരിച്ച് ശ്രദ്ധ മാറ്റുന്നതിനിടെയായിരുന്നു സ്ത്രീ സ്വർണം ഒളിപ്പിച്ചത്. രണ്ട് നെക്ലേസുകൾ ഒരേ സമയം മടിയിൽ വച്ചു നോക്കിയ ശേഷം ഒരെണ്ണം മാത്രമേ സ്ത്രീ തിരിച്ചുവച്ചുള്ളൂ.
അതിനിടെ ഒരു നെക്ലേസ് ബോക്സ് സഹിതം സ്ത്രീ വിദഗ്ധമായി സാരിക്കടിയിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് വേറെ കുറിച്ച് മാലകൾ കൂടി നോക്കിയ ശേഷം ദമ്പതികൾ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ജ്വല്ലറി ഉടമ ഗൗരവ് പണ്ഡിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. പ്രതികളെ ഉടൻ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്ന് ജ്വല്ലറി ഉടമ അറിയിച്ചു.