കാടു വെട്ടാനായി കാറിൽ കൂട്ടികൊണ്ട് പോയി; പിന്നാലെ ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിട്ടു; ജോലി കഴിഞ്ഞ് തിരികെ വന്നപ്പോൾ ഞെട്ടൽ; അതിഥിത്തൊഴിലാളികളുടെ ഫോണും പണവുമായി സംഘം മുങ്ങി; നല്ലളത്തേത് വിചിത്ര മോഷണം

Update: 2025-08-07 09:24 GMT

ഫറോക്ക്: അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് വസ്ത്രവും പണവും പേഴ്‌സും മൊബൈല്‍ഫോണും കവര്‍ന്ന കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയുടെയും സുഹൃത്ത് അബ്ദുല്‍കരീം മോണ്ടാലുവിന്റെയും ഫോണും 11,500 രൂപയുമാണ് കവര്‍ന്നത്. നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്കുമാറും ഫറോക്ക് അസി.കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേര്‍ന്ന് അന്വേഷണം തുടങ്ങി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.

കാടുവെട്ടാനുണ്ടെന്നു പറഞ്ഞാണ് കാറിലെത്തിയ സംഘം അതിഥിത്തൊഴിലാളികളെ കൂട്ടിക്കൊണ്ടു പോയത്. ശേഷം ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിടുകയും പ്രദേശത്തെ കാടുവെട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, ഇവര്‍ ജോലിയിലേര്‍പ്പെട്ട തക്കംനോക്കി ഇവരുടെ പണവും മൊബൈല്‍ഫോണും ഇവരെ ജോലിക്കുകൊണ്ടുവന്ന സംഘം മോഷ്ടിക്കുകയായിരുന്നു.

തുടർന്ന് നല്ലളം പോലീസ് കേസെടുക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം സമാനസംഭവമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാനക്കാരായതിനാൽ പരാതി പറയാത്തത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതികൾ മോഷണം നടത്തുന്നതും. 

Tags:    

Similar News