പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ആള്‍ പിടിയില്‍; ചതുപ്പില്‍ പതുങ്ങിക്കിടക്കവേ പിടികൂടി; നഗ്നനായി ഓടി രക്ഷപെട്ടയാള്‍ കുറുവാ സംഘത്തിലെ അംഗമെന്ന് സംശയം; തമിഴ്‌നാട് സ്വദേശി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്; ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി കുറുവാ സംഘഭീഷണി

പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ആള്‍ പിടിയില്‍;

Update: 2024-11-16 17:59 GMT

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവസംഘാംഗമെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. നാലു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് തമിഴ്‌നാട് സ്വദേശി സന്തോഷിനെ പിടികൂടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്ത് നിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുംവഴി ചാടിപ്പോകുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കുണ്ടന്നൂര്‍ നഗരത്തില്‍ 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ പ്രദേശങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.

കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവര്‍ച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ചാണ് കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധു ബാബു പറഞ്ഞു. തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നു.

മണ്ണില്‍ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. രണ്ടു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ സന്തോഷ് ശെല്‍വമാണ് രക്ഷപ്പെട്ടത്. നിലവില്‍ മണികണ്ഠന്‍ മണ്ണഞ്ചേരി എന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പിടികൂടിയ ശേഷം ജീപ്പില്‍ കയറ്റുമ്പോള്‍ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതില്‍ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ വനിതാ പോലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രക്ഷപ്പെട്ട ഇടത്തു സ്‌കൂബ സംഘവും ഫയര്‍ ഫോഴ്സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചില്‍ നടത്തിയത്. ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി. മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി.

രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം. മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

Tags:    

Similar News