ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ദീര്‍ഘനാളായി അടുപ്പം പുലര്‍ത്തി; ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാത്തതിന്റെ പക; പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചതും ആതിരയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; അന്വേഷണം തുടരുന്നു
അതിരയെ കൊലപ്പെടുത്തിയത് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിക്കാത്തതിന്റെ പകയില്‍
തിരുവനന്തപുരം: കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സമൂഹമാധ്യമത്തിലൂടെ ദീര്‍ഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം പെരുമാതുറയില്‍ വാടകയ്ക്കു താമസമാരംഭിച്ചത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാന്‍ ഇയാള്‍ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകി മതില് ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാള്‍ രണ്ടു ദിവസം മുന്‍പ് കഠിനംകുളത്ത് എത്തി പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
കുത്തേറ്റതിന്റെ ഫലമായി കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലില്‍ കിടന്നത്.ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകള്‍ ആതിരയെ എട്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നതും.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്.
യുവതിയെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയിരുന്നു. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നും അന്വേഷണ സംഘം സ്കൂട്ടര്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം.
പെരുമാതുറയില്‍ ഇയാള്‍ താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തിയിരുന്നു. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല എന്നാണ് വിവരം. തിരുവനന്തപുരം റൂറല്‍ എസ് പി യുടെ സംഘം, ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സംഘം, ഡാന്‍സാഫ് സംഘം, കഠിനംകുളം - ചിറയിന്‍കീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.
വെഞ്ഞാറമൂട് ആലിയാട് സ്വദേശിനിയും കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയുമായ ആതിര(30)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പതിന്നൊരയോടെ ക്ഷേത്രത്തില്‍നിന്നു വീട്ടിലെത്തിയ രാജീവ്, ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നുവെന്നാണ് പോലീസിനോടു പറഞ്ഞത്.