തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തില്‍ പോലീസ് കുറ്റവാളിയാക്കിയ അബൂബക്കര്‍ ജയിലില്‍ തുടരുന്നു; അബൂബക്കറിനെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍; കേസില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; മൂന്നാം പ്രതിയെന്ന് പോലീസ്

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തില്‍ പോലീസ് കുറ്റവാളിയാക്കിയ അബൂബക്കര്‍ ജയിലില്‍ തുടരുന്നു

Update: 2025-08-26 01:07 GMT

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ അറുപതുകാരിയുടെ കൊലപാതകത്തില്‍ പൊലിസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുക. ഇയാള്‍ക്കെതിരെ ചുമത്തിയ കൊലപാതക കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരപരാധിയാണെന്ന് കാണിച്ച് അബൂബക്കര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ റിമാന്റില്‍ കഴിയുന്ന അബൂബക്കര്‍ കേസില്‍ മൂന്നാം പ്രതിയാണ്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം, അതിക്രമിച്ചുകയറല്‍ എന്നിവയാണ് പോലിസ് ചുമത്തിയത്. 60 കാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സ്ഥാപിച്ച് പോലിസ് ആദ്യം അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സൈനുലാബ്ദീന്‍, ഭാര്യ അനീഷ എന്നിവര്‍ കൊല്ലം മൈനാഗപ്പള്ളിയില്‍ നിന്ന് പിടിയിലായി.

ഇവരായിരുന്നു യഥാര്‍ത്ഥത്തില്‍ കൊലപാതകം നടത്തിയത്. സൈനുലാബ്ദീന്‍ റിമാന്റിലാണ്. അസുഖബാധിതയായതിനെ തുടര്‍ന്ന് അനീഷ പോലിസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്. അബൂബക്കറിന്റെ അറസ്റ്റില്‍ പോലീസിന് വന്‍വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. അബൂബക്കര്‍ മാത്രമാണ് കൊലയാളിയെന്നാണ്‍ണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അബൂബക്കര്‍ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുളക് പൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എല്ലാം അബൂബക്കറാണെന്നും ഇതില്‍ പറയുന്നു.

മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിമാന്റ് റിപ്പോര്‍ട്ടില്‍ ഇല്ല. എല്ലാം ചെയ്തത് അബൂബക്കര്‍ എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയത് മറ്റൊരാളായിരിക്കെയാണ് ആദ്യം അറസ്റ്റിലായ ആളുടെ മുകളില്‍ മുഴുവന്‍ കുറ്റവും ചുമത്തിയുള്ള റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അബൂബക്കറിനെ നിരുപാധികം വിട്ടയക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

പിതാവിനെ പോലീസ് അനാവശ്യമായി കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് റാഷിന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് മുഹമ്മദ് റാഷിന്‍ പരാതിനല്‍കിയിരുന്നു,

അതേസമയം അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീയോടു വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നു പ്രതി പോലീസിനു മൊഴി നല്‍കി. ശനിയാഴ്ചയാണ് തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പിടികൂടിയത്. ഇയാള്‍ മുന്‍പ് അറുപത്തിരണ്ടുകാരിയുടെ വീടിനുസമീപം വാടകയ്ക്കു താമസിച്ചിരുന്നു. വീടിന്റെ വാടക ഇവരെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

വാടക കൃത്യമായി നല്‍കാത്തതിനാല്‍ തന്നെയും അനീഷയെയും നാട്ടുകാരുടെ മുന്‍പില്‍വെച്ച് നാണംകെടുത്തിയിരുന്നുവെന്നും ഇതില്‍ തനിക്കവരോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നുമാണ് സൈനുലാബ്ദീന്റെ മൊഴി. എന്നാല്‍, ഇതു കൊലപാതകത്തിനു കാരണമായെന്നു പോലീസ് ഉറപ്പിച്ചിട്ടില്ല. കാര്യമായ വരുമാനമൊന്നുമില്ലാത്ത സൈനുലാബ്ദീന്‍ നിലവില്‍ മീന്‍കച്ചവടം തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിനുവേണ്ട പണത്തിനായിരിക്കാം മോഷണത്തിനെത്തിയതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീയുമായി ഇരുവര്‍ക്കും നല്ല അടുപ്പമുണ്ടായിരുന്നു. ഒരിക്കല്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അനീഷയായിരുന്നു കൂടെയുണ്ടായിരുന്നത്. അതുകൊണ്ടാകണം തങ്ങളെ തിരിച്ചറിയുമെന്നതിനാല്‍ ദമ്പതിമാര്‍ സ്ത്രീയെ കൊന്നതെന്നും പോലീസ് പറയുന്നു. സ്ത്രീയുടെ മൊബൈല്‍ ഫോണും കമ്മലും അലമാരയിലുണ്ടായിരുന്ന പണവും ദമ്പതിമാര്‍ മോഷ്ടിച്ചിട്ടുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന വള കൊണ്ടുപോയിട്ടില്ല. കൈ ചുരുട്ടിപ്പിടിച്ച നിലയിലായതിനാലായിരിക്കാം ഊരാനാകാതിരുന്നത്. അലമാരയില്‍നിന്നു പണം ലഭിച്ചതിനാല്‍ വേണ്ടെന്നുവെച്ചതുമാകാം.

സ്ത്രീയുടെ വീട്ടിലെ മുറിയില്‍നിന്നു പുരുഷന്മാരുടെ 20-ലേറെ മുടികള്‍ ലഭിച്ചിട്ടുണ്ട്. ഒരു മദ്യക്കുപ്പിയും ലഭിച്ചിരുന്നു. ഇതിലെ ക്യൂആര്‍ കോഡ് പരിശോധിച്ചപ്പോള്‍ തൃക്കുന്നപ്പുഴയിലെ ഒരു ബെവറജസില്‍നിന്നാണെന്നു മനസ്സിലായിട്ടുണ്ട്. അനീഷയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അനീഷ ആശുപത്രിയില്‍ത്തന്നെ തുടരേണ്ട സാഹചര്യമുണ്ടായാല്‍ അവിടെവെച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിലാക്കാനുള്ള നടപടികളിലേക്കു കടക്കുമെന്നും പോലീസ് പറഞ്ഞു.

തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട കേസില്‍ തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീന്‍ (43), ഭാര്യ അനീഷ (38) എന്നിവര്‍ ഒന്നും രണ്ടും പ്രതികള്‍. ആദ്യം അറസ്റ്റിലായ അബൂബക്കര്‍ മൂന്നാം പ്രതിയാണ്. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ചനടത്തിയതിനും ദേഹോപദ്രവമേല്‍പ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തിയതിനും തൂക്കുകയര്‍ വരെ കിട്ടാവുന്ന വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റത്തില്‍നിന്ന് ഒഴിവാകുമെങ്കിലും വീട്ടില്‍ അതിക്രമിച്ചുകയറിയതിനും ബലാത്സംഗം നടത്തിയതിനുമുള്ള വകുപ്പുകള്‍ അബൂബക്കറിനെതിരേ നിലനില്‍ക്കും.

Tags:    

Similar News