വാക്കേറ്റത്തിനിടെ ഉണ്ടായ ഉന്തും തള്ളിനുമിടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; അപകട വിവരം മറച്ചു വെച്ചു: മരിച്ച യുവാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; അപകട വിവരം മറച്ചു വെച്ചു: സുഹൃത്തുക്കള്‍ അറസ്റ്റില്‍
ഇരിട്ടി: പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുകയും അപകടവിവരം മറച്ചുവെക്കുകയും ചെയ്തതിന് മരിച്ചയാളുടെ മൂന്ന് സുഹൃത്തുക്കളെ ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റിലായത്. സെപ്റ്റംബര്‍ അഞ്ചിനാണ് ജോബിന്‍ മരിച്ചുന്നത്.
സംഭവത്തില്‍ ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി.കെ. സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ.കെ. സജീര്‍ (40) എന്നിവരെയാണ് ഇരിട്ടി ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളുമൊത്ത് ഉച്ചയ്ക്ക് ഒന്നോടെ പുഴയില്‍ കുളിക്കാനെത്തിയ ജോബിന്‍ വൈകിട്ട് നാലുമണിയോടെ ഒഴുക്കില്‍ പെടുകയായിരുന്നു.
രാത്രി വൈകിയും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടത്. ഇരിട്ടി പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. ജോബിന്റെ കൂടെ കുളിക്കാനെത്തിയ സുഹൃത്തുക്കളില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും സംശയം തോന്നാത്തതിനാല്‍ വിട്ടയച്ചു.
ദിവസങ്ങള്‍ക്ക് ശേഷം ജോബിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: കുളിക്കുന്നതിനിടെ ജോബിന്‍ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിന്‍ ഒഴുക്കില്‍പ്പെട്ടത്. ഇതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ മൂന്നുപേരും പുഴക്കരയില്‍നിന്ന് രക്ഷപ്പെട്ടു.
അപകടം നടക്കുന്നതിന് മുന്‍പ് ജോബിന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ച് പുഴക്കടവില്‍ ഉള്ളകാര്യം പറഞ്ഞിരുന്നു. ഇതിനിടയില്‍ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതാണ് തുടരന്വേഷണത്തിന്റെ ഭാഗമായി മൂന്നുപേരെയും വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ ഷറഫുദ്ദീന്‍, സന്തോഷ്, അശോകന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബുദ്ദീന്‍, ബിജു എന്നിവരും ഉണ്ടായിരുന്നു.