സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ ജിപിആര്‍ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല; ആകെ കിട്ടിയത് അടുക്കളയില്‍ നിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയല്‍; സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ കോഴിഫാമിലും പരിശോധന; ഐഷയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിഞ്ഞ് റോസമ്മ; വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഐഷയുടെ ബന്ധു

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ ജിപിആര്‍ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല

Update: 2025-08-06 15:31 GMT

ചേര്‍ത്തല: മൂന്നുസ്ത്രീകളെ കാണാതായ സംഭവത്തില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) വീട്ടില്‍ ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന അവസാനിച്ചു. സെബാസ്റ്റ്യന്റെ വീടിന്റെ അടുക്കളയില്‍ നിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയല്‍ കണ്ടെത്തി.

സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ കോഴിഫാമും പരിശോധിച്ചു. ജിപിആര്‍ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. റോസമ്മയെ ചേര്‍ത്തല സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. കാണാതായ ഐഷയെ പരിചയമില്ലെന്നും വഴിയില്‍ കൂടി പോകുമ്പോള്‍ കണ്ടിട്ടുണ്ടെന്നുമാണ് റോസമ്മ മൊഴി നല്‍കിയത്. അവരെ സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയിട്ടില്ലെന്നും ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും റോസമ്മ പറഞ്ഞു.

ഐഷയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും, ഐഷയും സെബാസ്റ്റ്യനും വീട്ടില്‍ വന്നിരുന്നുവെന്നും റോസമ്മ പ്രതികരിച്ചു. സെബാസ്റ്റ്യന് റിയല്‍ എസ്റ്റേറ്റ് ഇടപാടാണ്. പറമ്പില്‍ ഇപ്പോള്‍ പരിശോധന എന്തിനെന്ന് അറിയില്ല. ഐഷയുമായി ഒരു ബന്ധവുമില്ല. വഴിയില്‍ വച്ച് കണ്ടിട്ടുണ്ടെന്നും റോസമ്മ പറഞ്ഞു.

ഐഷ അയല്‍പക്കത്ത് താമസിച്ചിരുന്ന ആളാണ്. വഴിയെ പോകുമ്പോള്‍ സംസാരിക്കുക മാത്രമാണ് ഉണ്ടായിരുന്നത്. ഐഷയെ കാണാതാകുന്ന സമയത്ത് താന്‍ പള്ളിയിലായിരുന്നു. ഫോണ്‍ കോളുകള്‍ വന്നിരുന്നു. കോഴിഫാം നില്‍ക്കുന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയത് സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യനും ഐഷയുമായുള്ള ബന്ധം എന്തെന്നറിയില്ല. താനല്ല ആയിഷയെ സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തിയതെന്നും റോസമ്മ പറഞ്ഞു.

അതേസമയും റോസമ്മയും ഐഷയും അടുത്ത പരിചയക്കാരെന്ന് ഐഷയുടെ ബന്ധു ഹുസൈന്‍ പറഞ്ഞു. ഐഷയുടെ തിരോധാനത്തില്‍ റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ട്. 2012 ല്‍ കാണാതായ ഐഷ 2016 എങ്ങനെയാണ് കോഴിഫാം വൃത്തിയാക്കാന്‍ എത്തുന്നതെന്ന് ഹുസൈന്‍ ചോദിച്ചു. സെബാസ്റ്റ്യന്‍ റോസമ്മയുടെ വീട്ടില്‍ സ്ഥിരമായി എത്തുമായിരുന്നു. റോസമ്മയെ ചോദ്യം ചെയ്യുകയും പരിസരം പരിശോധിക്കുകയും വേണം. റോസമ്മ പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും ഹുസൈന്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ മുതലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. ഇതുവരെ പുരയിടത്തിലെ മൂന്ന് സ്ഥലത്ത് നിന്ന് റഡാറില്‍ സിഗ്‌നലുകള്‍ കിട്ടി. ഒന്നും കണ്ടെത്താനായിട്ടില്ല.

ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ജിപിആര്‍ ഉപയോഗിച്ച് പരിശോധിച്ചത്. തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുത്തത്.

നേരത്തെ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കോട്ടയത്തെ വീട്ടിലാണ് സെബാസ്റ്റ്യനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്. ബിന്ദു പദ്മനാഭന്‍ തിരോധാനക്കേസില്‍ അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ പരിശോധന നടത്തുന്നത്. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു(54) എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം അന്വേഷണ സംഘത്തിന് ബലപ്പടുകയാണ്. മൂന്ന് കേസിലും സെബാസ്റ്റ്യന്റെ ബന്ധം തെളിവുകളോടെ സ്ഥിരീകരിച്ചെങ്കിലും ഇവരെ എങ്ങനെ, എപ്പോള്‍ കൊന്നുവെന്നും മൃതദേഹങ്ങള്‍ എവിടെ, എങ്ങനെ മറവുചെയ്തെന്നുമുള്ള ചോദ്യങ്ങളാണ് അന്വഷണ സംഘത്തെ കുഴയ്ക്കുന്നത്.


Tags:    

Similar News