എടിഎം കവര്‍ച്ച ആസൂത്രണം ചെയ്തത് രണ്ട് മാസം മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ മേവാത്തി ഗ്യാങ് തലവന്‍; ഒരാഴ്ചയോളം തൃശൂരില്‍ തങ്ങി സാധ്യതാ പഠനം: തൃശൂരിലെ കൊള്ളയ്ക്ക് ശേഷം ലക്ഷ്യം വെച്ചത് തമഴ്‌നാട്ടിലെ എടിഎമ്മുകള്‍

എടിഎം കവര്‍ച്ച ആസൂത്രണം ചെയ്തത് ഒരാഴ്ചത്തെ സാധ്യതാ പഠനത്തിന് ശേഷം

Update: 2024-09-29 00:55 GMT

തൃശൂര്‍: തൃശൂരിലെ എടിഎം കവര്‍ച്ച സിനിമാ സ്‌റ്റൈലില്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും മേവാത്തി ഗ്യാങ് തലവനായ എ.മുഹമ്മദ് ഇക്രാം (42) ആണെന്നു പൊലീസ് കണ്ടെത്തല്‍. എടിഎം കവര്‍ച്ചക്കേസില്‍ മഹാരാഷ്ട്ര പൊലീസ് 2021ല്‍ പിടികൂടിയ ഇയാള്‍ 2 മാസം മുന്‍പാണു ജയിലില്‍ നിന്നിറങ്ങിയത്. പിന്നാലെ തന്നെ അടുത്ത കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കി. സംഘാംഗങ്ങള്‍ ഇക്രയ്ക്ക് ഒപ്പം നിന്നു.

മോഷണത്തിനായി ഇയാള്‍ നേരത്തെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. ഒരാഴ്ചയോളം തൃശൂരില്‍ തങ്ങി ഇയാള്‍ കൗണ്ടറുകള്‍ കണ്ടെത്തി 'സാധ്യതാ പഠനം' നടത്തി. ആളനക്കമില്ലാത്ത മേഖലയിലെ കൂടുതല്‍ പണമുള്ള എടിഎമ്മുകള്‍ ആണ് ഇക്രാം മോഷണത്തിനായി തിരഞ്ഞെടുത്തത്. ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി ആറ് എടിഎം കവര്‍ച്ചക്കേസുകള്‍ ഇക്രാമിന്റെ പേരിലുണ്ട്. ഇയാള്‍ക്കു രാജ്യംമുഴുവന്‍ നീളുന്ന തസ്‌കര ശൃംഖലയുമായി അടുത്ത ബന്ധമുണ്ട്.

തൃശൂരിലെ മോഷണത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. തമിഴ്‌നാട്ടിലെ നിരവധി എടിഎമ്ുകള്‍ സംഘം നോട്ടമിട്ടിരുന്നു. കോയമ്പത്തൂര്‍ സേലം ദേശീയപാതയിലെ എടിഎം കൗണ്ടറുകള്‍ കൊള്ളയടിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോകുന്ന വഴികളില്‍ പലയിടത്തും പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ച് അമിതവേഗത്തില്‍ പാഞ്ഞു. ഇതിനിടെയാണു നാമക്കല്ലില്‍ ഇവരുടെ വാഹനം കാറുകളിലും ബൈക്കുകളിലും ഇടിച്ചത്. സമാന രീതിയിലുള്ള പല കവര്‍ച്ചകള്‍ക്കും ഇതേ ലോറി ഉപയോഗിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

എസ്ബിഐയുടെ എടിഎമ്മുകളില്‍ കൂടുതലായും 500 രൂപയുടെ നോട്ടുകള്‍ ഉള്ളതുകൊണ്ടാണ് ഇവ മാത്രം ലക്ഷ്യമിട്ടതെന്നു പ്രതികള്‍ മൊഴി നല്‍കി. ചെറിയ തുകയുടെ നോട്ടുകള്‍ കടത്താന്‍ ബുദ്ധിമുട്ടായതിനാലാണ് 500 രൂപ നോട്ടുകള്‍ ലക്ഷ്യമിട്ടത്. പല ബാങ്കുകളിലെയും എടിഎമ്മുകളില്‍ 200, 100 രൂപയുടെ നോട്ടുകള്‍ കൂടുതലുണ്ടാകും. പ്രതികള്‍ നേരത്തെ നടത്തിയ കൊള്ളയുടെയും വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞമാസം 21ന് കൃഷ്ണഗിരിയിയില്‍ 23 ലക്ഷം, ഏപ്രില്‍ 6ന് കൃഷ്ണഗിരിയില്‍ 10 ലക്ഷം, ജൂലൈ 6ന് ഹൊസൂരില്‍ 14.5 ലക്ഷം എന്നിവ കൊള്ളയടിച്ചത് ഇതേ സംഘമാണെന്നു തമിഴ്‌നാട് പൊലീസ് കരുതുന്നു.

എടിഎമ്മുകള്‍ കൊള്ളയടിച്ച ശേഷം കാര്‍ കണ്ടെയ്‌നറില്‍ കയറ്റി രക്ഷപ്പടുന്നതാണ് സംഘത്തിന്റെ പതിവ് രീതി. മാപ്രാണത്തെയും സ്വരാജ് റൗണ്ട് (നായ്ക്കനാല്‍) ഷൊര്‍ണൂര്‍ റോഡിന്റെ ആരംഭത്തിലെയും കോലഴിയിലെയും എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്ത് പണം കവര്‍ന്ന ശേഷം കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കയറ്റി കടന്നുകളഞ്ഞ സംഘത്തെ നാമക്കലില്‍ വച്ചാണു തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്.

ഒരാള്‍ വെടിയേറ്റു കൊല്ലപ്പെടുകയും 6 പേര്‍ പിടിക്കപ്പെടുകയും ചെയ്തു. പ്രതികളെ റിമാന്‍ഡ് ചെയ്തതായി നാമക്കല്‍ എസ്പി രാജേഷ് കണ്ണന്‍ 'മനോരമ'യോടു പറഞ്ഞു. കേരള പൊലീസ്, മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നു പ്രൊഡക്ഷന്‍ വാറന്റ് വാങ്ങി ഹാജരാക്കിയാലുടന്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കും. എല്ലാവര്‍ക്കുമെതിരെ വധശ്രമത്തിനു കൂടി കേസ് എടുത്തു.

ഇവര്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് 67 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഒഡീഷ, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന പൊലീസ് സംഘങ്ങളും ചോദ്യം ചെയ്യലിനായി ക്യാംപ് ചെയ്യുന്നുണ്ട്.

ഏറ്റുമുട്ടലും വെടിവയ്പുമൊക്കെ ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായി മാറിയതോടെ തമിഴ്‌നാട് പൊലീസിലെ 4 സംഘങ്ങളെ തുടരന്വേഷണത്തിനു നിയോഗിച്ചു. ഇവര്‍ മേവാത്തിയിലേക്കു പോയി വിശദമായ അന്വേഷണം നടത്തുമെന്നാണു വിവരം. കേരളത്തിനും തമിഴ്‌നാടിനും പുറമെ തെലങ്കാന, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും പ്രതികള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്രാമിന്റെ സംഘവുമായി നേരിട്ടു ബന്ധമുള്ള മറ്റൊരു മേവാത്തി സംഘം 12 എടിഎം കൗണ്ടറുകള്‍ കൊള്ളയടിച്ചതിനു കര്‍ണാടകയില്‍ പിടിക്കപ്പെട്ടത് ഏതാനും മാസം മുന്‍പാണ്. 2 കോടി രൂപയോളം ഈ സംഘം അന്നു കവര്‍ന്നിരുന്നു.

Tags:    

Similar News