പോലീസ് തൊപ്പിയണിയാൻ ചെറുപ്പം മുതൽ ആഗ്രഹം; നിരവധി ടെസ്റ്റുകൾ എഴുതി; എസ് ഐ വേഷത്തിൽ ട്രെയിനിൽ യാത്ര; യൂണിഫോമിൽ കണ്ടയുടൻ റെയിൽവേ പോലീസ് സല്യൂട്ടടിച്ചു; പ്രതികരണം ചെറുതായിട്ടൊന്ന് പാളി; 'ഇരിങ്ങാലക്കുട എസ് ഐ' അകത്ത്

Update: 2025-08-02 16:54 GMT

ആലപ്പുഴ: ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര ചെയ്ത യുവാവിനെ കൈയ്യോടെ പിടികൂടി റെയിൽവേ പോലീസ്. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് പിടിയിലായത്. തിരുവനന്തപുരം-ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. പോലീസാകാൻ നിരവധി പരീക്ഷ എഴുതിയിട്ടും പാസാകാത്തതിനെ തുടർന്നാണ് പോലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്തതെന്നാണ് അഖിലേഷ് മൊഴി നൽകിയിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ട്രെയിൻ കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ പരിശോധന നടത്തിയ റെയിൽവേ പോലീസ് സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്യുകയായിരുന്നു. തിരിച്ചുണ്ടായ പ്രതികരണത്തിൽ തോന്നിയ സംശയമാണ് ഇയാളെ പിടികൂടാൻ കാരണമായാത്. ചോദ്യംചെയ്യപ്പോൾ തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ് ഐയാണെന്നും പറഞ്ഞു. എസ്​.ഐയുടെ തോളിലെ നക്ഷത്രചിഹ്നവും തൊപ്പിയുമുണ്ടായിരുന്നു.

പോലീസിന്റെ ഔദ്യോഗിക ചിഹ്നമുണ്ടായിരുന്ന യൂണിഫോമിൽ ഇയാളുടെ പേരുമുണ്ടായിരുന്നു.പോലീസുകാർ ഇരിങ്ങാലക്കുട സ്​റ്റേഷനുമായി ബന്ധപ്പെട്ടപ്പോളാണ് സംഭവം കളവാണെന്ന് മനസ്സിലായത്. തുടർന്ന് ഇയാളെ ആലപ്പുഴ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് എസ്ഐ കെ ബിജോയ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൃശൂരിൽ പിഎസ്‍സി പരീക്ഷയെഴുതാൻ പോയതാണെന്ന് സമ്മതിച്ചത്.

ചെറുപ്പം മുതൽ പോലീസിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ടെസ്റ്റ് എഴുതിയെങ്കിലും പാസായില്ല. അത് സഫലമാക്കാനാണ് പോലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്തതെന്നാണ് പറഞ്ഞത്. സംഭവത്തിൽ കേസെടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിഫോം ദുരുപയോഗം നടത്തിയോ എന്നതടക്കമുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. 

Tags:    

Similar News