മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; ആദിവാസി യുവാവിനെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച പ്രതികള്‍ പിടിയില്‍; പിടിയിലായത് കോയമ്പത്തൂരില്‍ നിന്നും; അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അഗളി പോലീസ്
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച പ്രതികള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അഗളി ഡിവൈ.എസ്.പി അറിയിച്ചു. അഗളി ചിറ്റൂര്‍ ആദിവാസി ഊരിലെ സിജു വേണു ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്.
മര്‍ദ്ദനത്തില്‍ യുവാവിന് ദേഹമാസകലം പരുക്കുണ്ടായിരുന്നു. മദ്യപിച്ച് വാഹനത്തിന് മുന്നില്‍ വീണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സിജുവിന്റെ മുഖത്തും പുറത്തും കൈക്കും പരുക്കേറ്റു. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നിട്ടുണ്ട്. മദ്യപിച്ച് വാഹനം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പോലീസ് പറയുന്നത്.
മദ്യപിച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന യുവാവ് ഇതുവഴി വന്ന വാഹനം തടഞ്ഞെന്നും പിന്നാലെ വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തെന്നും പിന്നാലെയാണ് മര്‍ദനമെന്നുമാണ് പോലീസ് പറയുന്നു. മര്‍ദനത്തില്‍ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.
ഷോളയൂര്‍ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. വാഹന ഉടമയുടെ പരാതിയില്‍ അഗളി പോലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. മെയ് 24-നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നാലെ പൊലീസ് സിജുവിന്റെ മൊഴിയെടുത്തു.
സിജു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഇവര്‍ ആരോപിക്കുന്നു. പിന്നാലെ വാഹന ഉടമയുടെ പരാതിയില്‍ സിജുവിനെതിരെ കേസെടുക്കുകയായിരുന്നു.