ഇന്ത്യന്‍ പൗരനും മകളും അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഗുജറാത്തിലെ മെഹ്സാന സ്വദേശികളായ പ്രദീപ് പട്ടേല്‍, മകള്‍ ഉര്‍മി എന്നിവരുടെ ജീവനെടുത്തത് ജോര്‍ജ് ഫ്രേസിയര്‍ ഡെവണ്‍ വാര്‍ട്ടണ്‍ എന്നയാള്‍; വെടിവെപ്പില്‍ കലാശിച്ചത് കട അടക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം

ഇന്ത്യന്‍ പൗരനും മകളും അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Update: 2025-03-23 10:11 GMT

വാഷിങ്ടണ്‍: അമേരിക്കയില് ഇന്ത്യന്‍ വംശജരായവര്‍ വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ പൗരനും മകളുമാണ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചത്. ഗുജറാത്തിലെ മെഹ്സാന സ്വദേശികളായ പ്രദീപ് പട്ടേല്‍ (56) മകള്‍ ഉര്‍മി (24 ) എന്നിവരാണ് മരിച്ചത്. യുഎസിലെ വിര്‍ജീനിയയില്‍ ഇവര്‍ നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

ഇരട്ടക്കൊലപാതകത്തിന് ജോര്‍ജ് ഫ്രേസിയര്‍ ഡെവണ്‍ വാര്‍ട്ടണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ മദ്യം വാങ്ങാന്‍ ഇവരുടെ കടയിലെത്തിയതായിരുന്നു പ്രതി. എന്നാല്‍ കട അടക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വാര്‍ട്ടണ്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദീപ് പട്ടേല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഉര്‍മി ശനിയാഴ്ചയോടെ മരണത്തിന് കീഴടങ്ങി.

മെഹ്സാനയിലെ കനോഡ സ്വദേശികളാണ് പ്രദീപും കുടുംബവും. 2019 ല്‍ സന്ദര്‍ശക വിസയിലാണ് ഇവര്‍ യുഎസിലേക്ക് കുടിയേറിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. നാല് മാസം മുമ്പാണ് നിലവിലെ കടയുടെ ചുമതല ഏറ്റെടുത്തത്. പരേഷ് പട്ടേല്‍ എന്നയാളുടെ ഉടമസ്ഥതില്‍ ഉള്ളതാണ് കട.

പ്രദീപിന്റെ ഭാര്യയും യുഎസില്‍ ഇവര്‍ക്കൊപ്പം തന്നെയാണ് ഉള്ളത്. ഒരു മകള്‍ അഹമ്മദാബാദിലും, മകന്‍ കാനഡയിലുമാണ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്. പ്രതിയായ വാര്‍ട്ടണിനെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കരണമുണ്ടോയെന്നതില്‍ വ്യക്തതയില്ല.

Tags:    

Similar News