ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്; എ പത്മകുമാറും എന്‍ വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്; വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികള്‍ അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേ

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്

Update: 2026-01-20 02:07 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ഇഡിയും രംഗത്ത്. നേരത്തെ കള്ളപ്പണം വെളിപ്പിക്കല്‍ കേസ് അടക്കം ചുമത്തി കേസെടുത്ത ഇഡി വ്യാപക പരിശോധനയുമായി രംഗത്തുവന്നു. സിപിഎം നേതാക്കളായ എ പത്മകുമാറും വാസുവും മുരാരി ബാബുവും അടക്കകമുള്ളവരുടെ വസതികളില്‍ ഇഡി സംഘം പരിശോധനക്കെത്തി. കേരളവും കര്‍ണാടകയും അടക്കം 21 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണപ്പാളികള്‍ ഉരുക്കി കടത്താന്‍ സഹായിച്ച സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, കടത്തിയ സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവര്‍ തമ്മിലുള്ള ഇടപാട് ആദ്യഘട്ടത്തില്‍ അന്വേഷിച്ചിരുന്നു. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണ് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളപ്പണം എവിടെ നിന്നാണ്, എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന ചോദ്യങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യും.

റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ അടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ള മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി. ഇ ഡി കൊച്ചി യൂണിറ്റിലെ അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തിയാന്‍ സ്വത്ത് മരവിപ്പിക്കല്‍ നടപടികളിലേക്ക് ഇഡി സംഘം നീങ്ങും.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് സന്നിധാനത്ത് പരിശോധനക്ക് എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കളത്തില്‍ ഇറങ്ങിയത്. കേസിലെ ഗൂഢാലോചനയും സ്വര്‍ണ്ണം കടത്തിയ രീതിയും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി സംഘത്തിന്റെ സന്ദര്‍ശനം. ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീകോവിലിനുള്ളിലും പരിസരത്തും സംഘം വിശദമായ തെളിവെടുപ്പ് നടത്തും.

ശബരിമലയിലെ സ്വര്‍ണ്ണപാളികളില്‍ പരിശോധന നടത്തിയ വിഎസ്എസ് സിയിലെ ശാസ്ത്രജ്ഞരെയും പ്രത്യേക അന്വേഷണ സംഘം ഉടന്‍ കാണും. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായിട്ടാണിത്. 1998 ലെ സ്വര്‍ണ്ണ പാളികളും പിന്നീട് പ്ലേറ്റിംഗ് നടത്തിയതിനുശേഷമുള്ള പാളികളും തമ്മില്‍ പ്രകടമായ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഏതുതരത്തിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് സംഘം പരിശോധിക്കുക. കഴിഞ്ഞ വര്‍ഷം മെയ് 17, 18 തീയതികളില്‍ ആയിരുന്നു സന്നിധാനത്ത് എസ് ഐ ടി പാളികളിലെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സര്‍ക്കാരുകള്‍ അതിന് മുന്നേയുള്ള വിഎസ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്നിങ്ങനെ നാല് സര്‍ക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തു എന്ന നിരീക്ഷണമാണ് കോടതി പങ്കുവെക്കുന്നത്. 1998ലാണ് വിജയ് മല്ല്യയുടെ നേതൃത്വത്തിലുള്ള യുപി ഗ്രൂപ് ഇതില്‍ സ്വര്‍ണം പൂശിയത്. 2019ലാണ് ആദ്യമായി ഇവ പുറത്ത് കൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ കൊണ്ടുവന്ന സ്വര്‍ണം 2025ല്‍ വീണ്ടും പുറത്തുകൊണ്ടുപോയി. രണ്ട് തവണകളായാണ് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും പുറത്തുകൊണ്ടുപോയത്.

2017ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തുള്ള കൊടിമരത്തിന്റെ പുനര്‍നിര്‍മാണവും വാജിവാഹനം കൈമാറ്റം ചെയ്ത സംഭവത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശത്തിലുണ്ട്. അതുപോലെ പി.എസ് പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന കാലത്തെയും അന്വേഷണം നടത്തണമെന്നും കോടതി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യഹര്‍ജി നല്‍കിയത്. വിശദമായ വാദം കേട്ട ശേഷം ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കും. നേരത്തെ പോറ്റി നല്‍കിയ രണ്ട് ജാമ്യഹര്‍ജികളും വിജിലന്‍സ് കോടതി തള്ളിയിരുന്നു. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനായുള്ള എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറും സിപിഎം പ്രതിനിധിയുമായ വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ അഞ്ച് പേര്‍ കൂടി നിരീക്ഷണത്തിലുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ദ്വാരപാലക കേസില്‍ മൂന്നുപേരും കട്ടിളപ്പാളി കേസില്‍ രണ്ട് പേരുമാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ പങ്കിനെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണെന്നും നിലവില്‍ ശേഖരിച്ച തെളിവുകള്‍ ഇവര്‍ക്കെതിരാണെന്നും എസ്ഐടി അറിയിച്ചു. സ്വര്‍ണക്കൊളള കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് എസ്ഐടി റിപ്പോര്‍ട്ട്. സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Tags:    

Similar News