അയൽവാസിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ മകൻ കണ്ടു; അഞ്ചുവയസുകാരനെ വീടിന്റെ രണ്ടാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; അപകടമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഭർത്താവിന്റെ അന്വേഷണത്തിൽ
ഗ്വാളിയോർ: മദ്ധ്യപ്രദേശിൽ കാമുകനുമായുള്ള ബന്ധം പുറത്തുപറയുമെന്ന ഭയത്തിൽ അഞ്ചുവയസുകാരനായ മകനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ 2023 ഏപ്രിൽ 28-നാണ് കൊലപാതകം നടന്നത്. പൊലീസ് കോൺസ്റ്റബിൾ ധ്യാൻ സിംഗ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് ഗ്വാളിയോർ കോടതി കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷിച്ചത്.
അയൽവാസിയായ ഉദയ് ഇൻഡോലിയയുമായി ജ്യോതിക്ക് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം അഞ്ചുവയസുകാരനായ മകൻ ജതിൻ നേരിൽ കാണാനിടയായതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. സംഭവദിവസം ജ്യോതിയും ഉദയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മകൻ ജതിൻ കണ്ടു. ഇത് ഭർത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭയന്ന ജ്യോതി, ജതിനെ വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴേക്ക് തള്ളിയിടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജതിൻ 24 മണിക്കൂറിനുള്ളിൽ മരണത്തിന് കീഴടങ്ങി. ആദ്യഘട്ടത്തിൽ കുട്ടി അബദ്ധത്തിൽ വീണതാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ മകന്റെ മരണത്തിൽ സംശയം തോന്നിയ ഭർത്താവ് ധ്യാൻ സിംഗ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. മകൻ മരിച്ച് 15 ദിവസത്തിന് ശേഷം, കുറ്റബോധം സഹിക്കാനാവാതെ ജ്യോതി ഭർത്താവിനോട് സത്യം തുറന്നുപറഞ്ഞു.
ഭാര്യയുടെ കുറ്റസമ്മതം ധ്യാൻ സിംഗ് രഹസ്യമായി വീഡിയോയിലും ഓഡിയോയിലും റെക്കാർഡ് ചെയ്യുകയും, ഒപ്പം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. ശക്തമായ തെളിവുകളുമായി ധ്യാൻ സിംഗ് പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭർത്താവ് ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ജ്യോതി റാത്തോഡ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അതേസമയം, തെളിവുകളുടെ അഭാവത്തിൽ ജ്യോതിയുടെ കാമുകനായ ഉദയ് ഇൻഡോലിയയെ കോടതി വെറുതെ വിട്ടു.