ചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി; ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അടങ്ങിയ ഫോണ്‍ സഹോദരന് കൈമാറി; അറസ്റ്റു വാര്‍ത്തകള്‍ എത്തിയതോടെ പരിഭ്രാന്തനായ സഹോദരന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് കുളത്തില്‍; ചോദ്യം ചെയ്യലിനിടെ ചെങ്കോട്ടയിലെ പൊട്ടിത്തെറിയും

ചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി

Update: 2025-11-19 06:50 GMT

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടന കേസിലെ ചാവേറായ ഉമര്‍ നബി ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ജമ്മുകശ്മീരില്‍ പുല്‍വാമയിലെ കുടുംബവീട് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍ എത്തിയ ഉമര്‍, തന്റെ സഹോദരനു നല്‍കിയ ഫോണില്‍നിന്നാണ് ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ചാവേര്‍ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

കുടുംബ വീട്ടില്‍ നിന്നും മടങ്ങുന്നതിനു മുന്നേയാണ് ഉമര്‍, തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് സഹോദരനു കൈമാറിയത്. ഇതിനുശേഷം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് തിരിച്ചുപോയി. പിന്നാലെയാണ് ഡോ. ഉമറിന്റെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളിലായി പൊലീസിന്റെ പിടിയിലാത്. ഈ അറസ്റ്റുകളെക്കുറിച്ച് ഉമറിന്റെ സഹോദരന്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തനായ ഉമര്‍ സഹോദരന്‍ നല്‍കിയ ഫോണ്‍ പുല്‍വാമയിലെ വീടിനടുത്തുള്ള കുളത്തില്‍ വലിച്ചെറിഞ്ഞു.

ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണുകളുടെ അവസാന ലൊക്കേഷനുകള്‍ ഡല്‍ഹിയിലും പുല്‍വാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഉമറിന്റെ വീട്ടിലെത്തിയത്. പരിശോധനകള്‍ക്കും നീണ്ട ചോദ്യം ചെയ്യലിനുമൊടുവില്‍, തനിക്ക് ഒരു ഫോണ്‍ ലഭിച്ചിരുന്നുവെന്നും അത് കുളത്തില്‍ വലിച്ചെറിഞ്ഞെന്നും സഹോദരന്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ചാവേറാക്രമണം നടന്നതെന്നും അതിനുശേഷമാണ് ഫോണ്‍ കണ്ടെടുത്തതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

''വെള്ളം കയറി ഫോണിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന്റെ മദര്‍ബോര്‍ഡും തകരാറിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് ഉമറിന്റെ വിഡിയോ വീണ്ടെടുക്കാന്‍ സാധിച്ചത്'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ ഫലാഹ് സര്‍വകലാശാലയിലെ പതിനേഴാം നമ്പര്‍ കെട്ടിടത്തിലെ പതിമൂന്നാം നമ്പര്‍ മുറിയില്‍ വച്ചാണ് ഉമര്‍ ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ആക്രമണത്തിന് മുമ്പ് റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഉമര്‍ നബി ചാവേര്‍ ആക്രമണത്തെ കുറിച്ച് ന്യായീകരിച്ചു സംസാരിക്കുന്നുണ്ട്. കൂട്ടക്കൊലയ്ക്ക് തയ്യാറെടുക്കുന്ന പ്രതിയുടെ മനസ്സിലെ തീവ്രവാദ മാനസികാവസ്ഥയാണ് ഈ വീഡിയോ വ്യക്തമാക്കുന്നതെന്ന് അന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

പിറുപിറുക്കുന്ന ശബ്ദം, തുളച്ചുകയറുന്ന നോട്ടം, ചുറ്റുപാടുകളെ കുറിച്ച് ഒരു സൂചനയും നല്‍കാത്ത ഇടുങ്ങിയ ഫ്രെയിം, ഇത്തരത്തില്‍ ആകെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ഉമര്‍ നബിയുടെ വീഡിയോ. റെക്കോര്‍ഡിംഗ് തീയതി ഇല്ലാത്ത ഈ വീഡിയോ നവംബര്‍ 10-ന് ചെങ്കോട്ടയില്‍ 15 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടക്കുന്നതിന് ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കു മുമ്പ് പകര്‍ത്തിയതായിരിക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഒരു ചാവേര്‍ ബോംബറുടെ മനസ്സിന്റെ ബ്ലൂപ്രിന്റ് ആണിതെന്നും സുരക്ഷാ ഏജന്‍സികള്‍ വിശകലനം ചെയ്യുന്നു.

ഇരുണ്ട വെളിച്ചത്തില്‍ ഒരു മുറിയില്‍ ഒറ്റയ്ക്കിരിക്കുന്ന ഉമറിനെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ പതുങ്ങിയ ശബ്ദത്തില്‍ അയാള്‍ ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കുന്നുണ്ട്. ചാവേര്‍ ബോംബിംഗ് എന്ന ആശയത്തെ കുറിച്ചാണ് പറയുന്നത്. ചാവേര്‍ ബോംബാക്രമണത്തെ കുറിച്ച് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉമര്‍ വീഡിയോയില്‍ വാദിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നും അയാള്‍ പറയുന്നു.

ലോകം ചാവേര്‍ ബോംബിംഗ് എന്ന് വിളിക്കുന്നതിനെ ബോധപൂര്‍വമായ ദൗത്യമായി ഉമര്‍ നബി പറയുന്നു. ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത സ്ഥലത്ത് താന്‍ മരിക്കുമെന്ന പൂര്‍ണ്ണ ഉറപ്പോടെ ഒരാള്‍ നടത്തുന്ന പ്രവൃത്തിയാണിതെന്നും ഇത് ഒരു പരിശുദ്ധമായ ദൗത്യമാണെന്നും ഉമര്‍ നബി വിലയിരുത്തുന്നു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട വൈറ്റ് കോളര്‍ ഫരീദാബാദ് ഭീകരവാദ ഘടകത്തിലെ പ്രത്യയശാസ്ത്രപരമായി തീവ്ര ചിന്തകളുള്ള അംഗമാണ് ഉമര്‍ എന്ന് കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.

ചാവേര്‍ ബോംബാക്രമണത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഈ വീഡിയോ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. റിക്രൂട്ട് ചെയ്ത ആളുകളെ സ്വാധീനിക്കാനും തീവ്രവാദം അവരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണിതെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കി.

ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന, ബോദ്ധ്യം, മാനസികാവസ്ഥ എന്നിവയെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ റെക്കോര്‍ഡിംഗ് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ഇതിനോടുള്ള എതിര്‍പ്പുകളെ തെറ്റിദ്ധാരണകള്‍ ആക്കി ഉമര്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. സ്ഫോടന കേസുമായി ബന്ധപ്പെട്ട് കശ്മീരി സ്വദേശിയായ ഒരാളെ കൂടി എന്‍ഐഎ തിങ്കളാഴ്ച അറസ്റ്റു ചെയ്തിട്ടുണ്ട്. ജയ്ഷെ മൊഡ്യൂള്‍ ഹമാസ് ശൈലിയിലുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഏകോപിത സ്ഫോടന പരമ്പരയ്ക്കായി ചെറിയ റോക്കറ്റുകള്‍ വികസിപ്പിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News