കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി സിനിമാ പ്രമോഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍; ഉണ്ണി മുകുന്ദന്റെ മാനേജറെന്ന കുപ്രചരണം തള്ളി നടന്‍; തനിക്ക് മാനേജറില്ലെന്നും, വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉണ്ണി

കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി സിനിമാ പ്രമോഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍; ഉണ്ണി മുകുന്ദന്റെ മാനേജറെന്ന കുപ്രചരണം തള്ളി നടന്‍

Update: 2025-07-10 02:42 GMT

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായ സംഭവത്തിന് പിന്നാലെ സിനിമ ഗ്രൂപ്പുകലില്‍ അടക്കം സജീവ ചര്‍ച്ചകള്‍. സിനിമാ പ്രമേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് പിടിയിലായ റിന്‍സി എന്നാണ് പുറത്തുവരുന്ന വിവരം. മാര്‍ക്കോ അടക്കമുള്ള പ്രമേഷന്‍ ഇവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നടത്തിയിരുന്നു. ഇതോടെയാണ് പിടിയിലായ ആള്‍ ഉണ്ണി മുകുന്ദന്റെ പുതിയ മാനേജറാണെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ വിവരം പ്രചരിച്ചത്.

ഈ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഉണ്ണി നിലപാട് വ്യക്തമാക്കുകയും ചെയ്തു. തനിക്ക് ഒരു പേഴ്‌സണല്‍ മാനേജര്‍ ഇല്ലെന്ന് ഉണ്ണി വ്യക്തമാക്കി. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷണല്‍ കാര്യങ്ങളും അദ്ദേഹം നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ കൈകാര്യം ചെയ്യുന്നതാണ്.

തെറ്റിദ്ധരിപ്പിക്കുന്നതായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് വ്യക്തികളോടും പ്ലാറ്റ്ഫോമുകളോടും അഭ്യര്‍ഥിക്കുന്നു. ആരെങ്കിലും സ്വയം തെറ്റായി പ്രതിനിധീകരിക്കുകയോ അത്തരം തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയോ ചെയ്താല്‍ കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാകുമെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ പേരിലിട്ട കുറിപ്പില്‍ നടന്‍ മുന്നറിയിപ്പു നല്‍കി.

സിനിമാ പ്രമോഷന്‍ ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരി മാത്രമാണ് റിന്‍സിയെന്നാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.


Full View

ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫ്‌ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എംഡിഎംഎ വില്‍പ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്‌ലാറ്റില്‍ പരിശോധന നടന്നു. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

റിന്‍സിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.

Tags:    

Similar News