അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്; വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് കണ്ടെത്തല്‍; ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കള്‍ക്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും റിപ്പോര്‍ട്ടില്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്

Update: 2026-02-09 03:25 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ മുന്‍ മന്ത്രി വി എസ് ശിവകുമാരിന് ആശ്വാസമായി വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അതേസമയം ശിവകുമാറിന്റെ സുഹൃത്തുക്കളായ എന്‍ എസ് ഹരികുമാര്‍, എം രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജുഹരന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കണ്ടെത്തലുണ്ട്. മൂവരും ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് സ്വത്തുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ശിവകുമാര്‍ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഒന്നാംപ്രതിയായ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. ശിവകുമാറിന് മന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്ന വരുമാനത്തിന് അനുസരിച്ചുളള സ്വത്തേയുളളു. പക്ഷെ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുമുള്‍പ്പെടെ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തി.

2011 മെയ് 18 മുതല്‍ 2016 മെയ് 20വരെയുള്ള കാലഘട്ടത്തില്‍ ഓരോരുത്തരും ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചാണ് വിജിലന്‍സ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്. 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നല്‍കിയത്. എംഎല്‍എ, മന്ത്രി പദവികള്‍ ദുരുപയോഗം ചെയ്തു ശിവകുമാര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലന്‍സിനു ലഭിച്ച പരാതി. ജനപ്രതിനിധികള്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലന്‍സ് സര്‍ക്കാരിനോട് അനുമതി തേടിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശിവകുമാറിന്റെ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്. രാജേന്ദ്രന്‍ ഭാരവാഹിയായിരുന്ന ഒരു സഹകരണ സംഘം തകര്‍ന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ശിവകുമാറിന്റെ വീടിന് മുന്നില്‍ ഉള്‍പ്പെടെ സമരം ചെയ്തിരുന്നു. ഡൈവറായിരുന്ന ഷൈജു ഹരന് ഉണ്ടായിരുന്ന വരുമാനം ആറു ലക്ഷം രൂപ. പക്ഷേ 26, 82,196 രൂപയുടെ ആസ്തി വര്‍ധന.

നാലാം പ്രതിയും ശിവകുമാറിന്റെ സുഹൃത്തുമായ അഡ്വ ഹരികുമാറിന് വരുമാനം 32 ലക്ഷത്തി 75,128 രൂപ, പക്ഷേ അഞ്ചുവര്‍ഷത്തിനുളളില്‍ ആസ്തിയില്‍ 44 ലക്ഷത്തിന്റെ വര്‍ദ്ധനയുണ്ടായി. സര്‍ക്കാര്‍ ശമ്പളത്തില്‍ ഡ്രൈവറായിരുന്ന ഷൈജുവിന് പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. സര്‍ക്കാര്‍ അനുമതി തേടി. മറ്റു പ്രതികള്‍ വിജിലന്‍സ് പരിധിയില്‍ വരാത്തതിനാലാണ് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 2020 ഫെബ്രുവരിയിലാണ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ഇഡിയും ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News