റെജി വിളിച്ചപ്പോള്‍ വിശാഖ് വന്നത് പപ്പട കടയില്‍ നിന്ന് കുത്താനുള്ള കത്തിയും വാങ്ങി; ജോബിയെ കുത്തിയ ശേഷം കത്തി കഴുകി തിരികെ കടയില്‍ കൊടുത്തു; വടശേരിക്കര കൊലപാതകം സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്; പ്രതികള്‍ക്ക് രണ്ടിനും ക്രിമിനല്‍ പശ്ചാത്തലം

വടശേരിക്കര കൊലപാതകം സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്

Update: 2025-05-17 14:30 GMT

പത്തനംതിട്ട : യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവായ വീട്ടുടമസ്ഥനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ആറ്റുകടവ് പേങ്ങാട്ടു പീടികയില്‍ ബേബി എന്ന ജോബി അലക്സാണ്ടറെ(40) കൈക്കു ഗുരുതര പരിക്കുപറ്റി രക്തംവാര്‍ന്നു മരണപ്പെട്ട നിലയില്‍ ബന്ധു പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് പേങ്ങാട്ട്പീടികയില്‍ റെജി പി രാജു(50)യുടെ വീട്ടില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് കണ്ടത്. സംഭവത്തില്‍ ഇയാളെയും, സുഹൃത്ത് റാന്നി പുതുശ്ശേരി മല, കരണ്ടകത്തുംപാറ ആഞ്ഞിലിപ്പാറ കുഞ്ഞാച്ചിയെന്ന് വിളിക്കുന്ന എ വി വിശാഖ്(29)നെയുമാണ് വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കയ്യില്‍ കരുതിയ കത്തികൊണ്ട് വെട്ടിയ വിശാഖ് ആണ് ഒന്നാം പ്രതി, റെജി രണ്ടാം പ്രതിയും.

വ്യാഴം വൈകിട്ട് നാലിനും ഇന്നലെ രാവിലെ 6.30 നുമിടയ്ക്കാണ് റെജിയുടെ പേങ്ങാട്ടു പീടികയില്‍ വീട്ടില്‍ സംഭവം നടന്നത്. കൊല്ലപ്പെട്ട ജോബിയും റെജിയും ബന്ധുക്കളാണ്, റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം ഇവര്‍ ഒരുമിച്ച് വൈകിട്ട് നാലോടെ റെജിയുടെ വീട്ടിലെത്തി. തുടര്‍ന്ന്, മദ്യപാനത്തില്‍ ഏര്‍പ്പെട്ടു, വസ്തുവിന്റെ വീതത്തെപ്പറ്റി സംസാരിച്ച് തര്‍ക്കമുണ്ടായി. പിന്നീടുണ്ടായ സംഭവവികാസത്തിലാണ് ജോബിയുടെ വലതുകൈത്തണ്ടയില്‍ മാരകമായി പരിക്കേറ്റത്.രാവിലെ 6.30 ഓടെ വീടിന്റെ ഹാളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

റെജി രാവിലെ 6:30 ഓടെ വാര്‍ഡംഗം ശ്രീജമോളെ ഫോണില്‍ വിളിച്ച് ഇയാളുടെ വീടിന്റെ ഹാളിനുള്ളില്‍ ജോബി അലക്സാണ്ടര്‍ രക്തം വാര്‍ന്നു കിടക്കുകയാണെന്ന വിവരം അറിയിച്ചു. മെമ്പര്‍ പോലീസില്‍ വിളിച്ച് അറിയിച്ചയുടനെ റാന്നി എസ്ഐ റെജി തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ വീട്ടിന്റെ ഉടമസ്ഥനും മരണപ്പെട്ട ജോബിയുടെ ബന്ധവുമായ റെജിയെ സ്റ്റേഷനിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്തു. റെജിയുടെ അമ്മാവന്റെ മകനായ ജോബി, റാന്നി കരികുളത്ത് ഭാര്യ അന്‍സുവും, രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്നതായും, 15 ന് റെജിയുടെയും ജോബിയുടെയും ബന്ധുവായ റോണി എന്ന ആളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി പേങ്ങാട്ട് കടവിലുള്ള കാര്‍മേല്‍ മാര്‍ത്തോമ പള്ളിയില്‍ പോയതായും പോലീസിനോട് പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും റെജിയുടെ വീട്ടില്‍ വച്ച് ഒന്നിച്ചു മദ്യപിച്ചതായും,ഇതിനിടെ ജോബിയുമായി നിലവിലുള്ള വസ്തു വീതം വയ്പ്പുമായി ബന്ധപ്പെട്ട വിഷയം സംസാരിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടി ഉണ്ടാവുകയും ചെയ്തു. റെജിയുടെ വലതു ചെള്ളക്ക് അടിയേറ്റു. പ്രകോപിതനായ ഇയാള്‍ സുഹൃത്ത് വിശാഖിനെ ഫോണില്‍ വിളിച്ചുവരുത്തി.

വൈകിട്ട് 5:30 ന് പള്ളിക്കമുരുപ്പ് ജംഗ്ഷനിലെത്തി, അവിടെ പര്‍പ്പിടക നിര്‍മ്മാണ കടയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി ഷഹീറിന്റെ കയ്യില്‍ നിന്നും കടയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കത്തി വാങ്ങി. റെജിയുടെ വീട്ടില്‍ ആറോടെ എത്തിയപ്പോള്‍ ജോബിയും റെജിയും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ഇയാള്‍ കണ്ടത്. ഇതില്‍ ഇടപെട്ട വിശാഖ് ജോബിയുമായി പിടിവലികൂടി. കയ്യില്‍ കരുതിയ കത്തി കൊണ്ട് വെട്ടുകയായിരുന്നു. രണ്ടുതവണ വെട്ടി വലതു കൈത്തണ്ടയില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. മുറിവേറ്റു അവശനായി നിലത്തുവീണ ജോബിക്ക് വൈദ്യസഹായം റെജി ലഭ്യമാക്കിയില്ല. രക്തം വാര്‍ന്ന് ജോബി മരണപ്പെടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

വിശാഖ് കത്തി കഴുകി വൃത്തിയാക്കി തിരികെ പര്‍പ്പിടക കടയില്‍ ഏല്‍പ്പിച്ചു. പരിക്ക് പറ്റിയ ജോബിയെ റെജി ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ കൂട്ടാക്കുകയോ അയല്‍വാസികളെ വിവരം അറിയിക്കുകയോ, പോലീസില്‍ വിവരമറിയിക്കുകയോ ചെയ്തില്ല. റെജിയും ജോബിയും തമ്മില്‍ കുടുംബ വസ്തു വീതം വെച്ചതിനെ ചൊല്ലിയുള്ള സാമ്പത്തിക തര്‍ക്കങ്ങളും മറ്റും നിലവിലുണ്ടെന്നും ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യപ്പെട്ടു. കൊലപാതകത്തില്‍ ജോബിയുടെ പങ്കു സംബന്ധിച്ച് വ്യക്തത വന്നതോടെ ഇയാളെ രണ്ടാം പ്രതിയായി കേസില്‍ ഉള്‍പ്പെടുത്തി.

കൊല്ലപ്പെട്ട ജോബിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു, ഭാര്യയും രണ്ടു മക്കളുമൊത്ത് കരികുളത്തു താമസിച്ചുവരികയായിരുന്നു. സ്ഥിരം മദ്യപാനിയും, ഭാര്യയുമായി വഴക്കുണ്ടാക്കുന്ന ആളുമായിരുന്നു. അറസ്റ്റിലായ വിശാഖ് അവിവാഹിതനും, മാതാപിതാക്കള്‍ക്കും രണ്ടു സഹോദരന്‍മാര്‍ക്കു മൊപ്പം പള്ളിക്കമുരുപ്പ്, കറണ്ടകത്തുംപാറയില്‍ താമസിച്ചു വരികയുമാണ്. ഇയാള്‍ക്ക് കൂലിപ്പണിയാണ്, ഇയാളുടെ പേരില്‍ ആറന്മുള, റാന്നി, പെരുനാട് പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ 5 ക്രിമിനല്‍ കേസുകളാണുള്ളത്.

വീടിന്റെ ഉടമസ്ഥനായ റെജി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തില്‍ വലതുകാല്‍ മുട്ടിന് താഴെ മുറിച്ചു മാറ്റപെട്ടതിനെതുടര്‍ന്ന് വെപ്പുകാല്‍ ഘടിപ്പിച്ച നിലയില്‍ കഴിയുന്നയാളാണ്. മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടതാണ്, തുടര്‍ന്ന് ഒറ്റയ്ക്ക് താമസിച്ചുവന്ന ഇയാള്‍ സ്ഥിരം മദ്യപാനിയും, കലഹ സ്വാഭാവിയായികാണപ്പെടുന്നയാളുമാണ്. നേരത്തെ കൃഷിപ്പണിയും ലോട്ടറി കച്ചവടവും ആയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇയാള്‍ക്കെതിരെ റാന്നി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ദ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ തുടങ്ങിയവരെത്തി പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് വിഭാഗം മെഡിക്കല്‍ ഓഫീസറെ കണ്ട് പോലീസ് സംഘം അഭിപ്രായം ശേഖരിച്ചു. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിരുന്നു. വിശാഖിന്റെ കുറ്റസമ്മതമൊഴി പ്രകാരം നടത്തിയ തെളിവെടുപ്പില്‍ പപ്പടക്കടയിലെത്തി കത്തി കണ്ടെടുത്തു. ജീവനക്കാരന്‍ ഷെഹീര്‍ പ്രതിയെ തിരിച്ചറിഞ്ഞു. റാന്നി ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ റെജി തോമസ് എ എസ് ഐമാരായ അജു കെ അലി, സൂരജ് സി മാത്യു, ബിജു മാത്യു, എസ് സി പി ഒ സുമില്‍, സി പി ഒമാരായ ഗോകുല്‍, അഞ്ചേലോ, സതീഷ് എന്നിവരാണ് ഉള്ളത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Tags:    

Similar News