ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും വരാം; തൃശൂര്‍ പൂരത്തില്‍ ആര്‍ എസ് എസിനെ കരുക്കിലാക്കാനുള്ള നീക്കങ്ങളും ചര്‍ച്ചകളില്‍; അതിനിടെ വീണാ വിജയനെ ചോദ്യം ചെയ്ത് എസ് എഫ് ഐ ഒ; മൊഴി എടുത്തത് കഴിഞ്ഞ ബുധനാഴ്ച; വീണ്ടും കേരളത്തില്‍ 'മാസപ്പടി ചര്‍ച്ച'; പിണറായിയുടെ മകള്‍ കുടുങ്ങുമോ?

ഏറെ വിവാദമായ മാസപ്പടി വിവാദക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്

Update: 2024-10-13 06:59 GMT

ചെന്നൈ: ഏറെ വിവാദമായ മാസപ്പടി വിവാദക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ). ചെന്നൈയിലെ ഓഫീസില്‍ കഴിഞ്ഞ ബുധനാഴ്ച ഹാജരായാണ് വീണാ വിജയന്‍ മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഇടതുപക്ഷം സജീവമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാണ് നീക്കം. ഇതിനിടെയാണ് വീണാ വിജയനെ ചോദ്യം ചെയ്തത്.

കേരളത്തില്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം. ഇതിനിടെയാണ് മൊഴി എടുക്കല്‍. പല തവണയായി വീണയുടെ കമ്പനിയായ എക്‌സാലോജികില്‍ നിന്ന് എസ്എഫ്‌ഐഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന വിമര്‍ശനം മുന്‍പും നിലനിന്നിരുന്നു. നവംബറിലാണ് കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അനധികൃതമായി സിഎംആര്‍എല്ലില്‍ നിന്നും വീണാ വിജയനും കമ്പനിയും പണം നേടിയെടുത്തുവെന്നാണ് കേസ്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.

സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം. ഫെബ്രുവരിയിലായിരുന്നു ഇത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചിരുന്നു. ഇത് ഏറെ നിര്‍ണ്ണായക വിധിയായി വിലയിരുത്തപ്പെട്ടു. എന്നാല്‍ തുടര്‍ നടപടികള്‍ പിന്നീട് ഏറെ വൈകിയാണ് ഉണ്ടാകുന്നത്.

വീണാ വിജയന്‍ ഡയറക്ടറായ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് 2013-ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ജനുവരി 31-ന് എസ്.എഫ്.ഐ.ഒ. ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എസ്.എഫ്.ഐ.ഒ.യുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്.

വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ് ഇതിന് ശേഷവും രംഗത്തു വന്നു. അബുദാബി കൊമേഷ്യല്‍ ബാങ്കില്‍ എക്‌സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എന്‍.സി ലാവലിന്‍ കമ്പനികളില്‍നിന്നും ഇതിലേക്ക് കോടികളെത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം ഗുരുതര ആരോപണമായി നിറഞ്ഞു. 'അബുദാബി കൊമേര്‍ഷ്യല്‍ ബാങ്കില്‍ 'എക്‌സാലോജിക് കണ്‍സല്‍ട്ടിങ്, മീഡിയ സിറ്റി യു.എ.ഇ' എന്ന വിലാസത്തിലാണ് അക്കൗണ്ട് ഉള്ളത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയും എം. സുനീഷുമാണ് അക്കൗണ്ട് ഉടമകള്‍. കോടികളുടെ ഇടപടാണ് അക്കൗണ്ടിലൂടെ നടന്നത്. 2018 ഡിസംബര്‍ ഒന്നിന് പി.ഡബ്ല്യൂ.സി കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. 2020-ല്‍ കരാറിന്റെ കാലാവധി കഴിയുന്നതുവരെ അക്കൗണ്ടില്‍ പണമെത്തി. അക്കൗണ്ടില്‍നിന്ന് പണം പോയത് അമേരിക്കന്‍ അക്കൗണ്ടുകളിലേക്കാണ്. അക്കൗണ്ടിലേക്കെത്തിയ കോടികള്‍ക്ക് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് ലഭിച്ച പണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്', ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു.

അക്കൗണ്ടിനെ സംബന്ധിച്ച വിവരം തനിക്ക് തന്നത് ദൈവമാണെന്ന് പറഞ്ഞ ഷോണ്‍, ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടല്ലോ എന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ എല്ലാം അറിയണമെന്നും മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News