'ഒരു ദിവസം അവന്‍ വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു, വീട്ടിനകത്തെല്ലാം വെള്ളം കയറി; പലവട്ടം അവന്‍ ഡാഡിയെ ഉപദ്രവിച്ചു; വെട്ടിയ ശേഷവും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു, മരിക്കും മുമ്പ് എന്റെ കണ്ണില്‍ നോക്കി'; അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ പ്രജിന്റെ പ്രകൃതത്തെ കുറിച്ച് തുറന്നു പറച്ചിലുമായി മാതാവ്

'ഒരു ദിവസം അവന്‍ വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു,

Update: 2025-02-10 17:14 GMT

തിരുവനന്തപുരം: വെള്ളറടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ പ്രജില്‍ പ്രതിയായ പിതാവിനെ കൂടാതെ മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഈ മകനെ ഓര്‍ത്ത് ജീവനില്‍ ഭയന്നാണ് കുടുംബം കഴിഞ്ഞിരുന്നത്. പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രജിന്റെ പ്രകൃതം എങ്ങനെയാണെന്ന് ഭയത്തോടെയാണ് മാതാവ് ഓര്‍ത്തെടുക്കുന്നത്.

അവന്‍ എപ്പോഴും മുകളിലത്തെ നിലയിലെ റൂമിലായിരുന്നുവെന്നും, പെട്ടെന്നൊരു ദിവസം വീട്ടിലെ ടിവിയും ഗ്ലാസുമെല്ലാം അവന്‍ അടിച്ചുപൊട്ടിച്ചുവെന്നും മാതാവ് വെളിപ്പെടുത്തി. ചൈനയില്‍ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷമാണ് മകന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായത് എന്നാണ് അമ്മ പറയുന്നത്. ഒരു ദിവസം അവന്‍ അടുത്ത വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു. വീട്ടിനകത്തെല്ലാം വെള്ളം കയറി.. അന്ന് രാത്രി ഒരു മണി സമയത്ത് ഞങ്ങള്‍ ഭയന്ന് വിറച്ചു നില്‍ക്കുകയായിരുന്നു. പൊലീസ് വന്നാണ് രംഗം ശാന്തമാക്കിയതെന്നം അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

കൊവിഡ് സമയത്ത് ചൈനയില്‍ നിന്ന് ഇവന്‍ ഡല്‍ഹിയിലാണ് വന്നിറങ്ങിയത്. ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം വീട്ടില്‍ വന്നപ്പോഴാണ് മുകളിലത്തെ നിലയിലെ റൂമില്‍ കയറി ഒറ്റക്കിരിക്കാന്‍ തുടങ്ങിയത്. അവസാന സെമസ്റ്ററിലെ ഫീസടക്കാന്‍ മോളുടെ ആഭരണം പണയം വെച്ചിരുന്നു. കൊവിഡ് രൂക്ഷമായതിനാല്‍ ചൈനയിലെ ഓഫീസുകളൊക്കെ അന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഡോ. നിയാസ് എന്നയാള്‍ മുഖേനെ എറണാകുളത്തെ ഏജന്‍സി വഴിയാണ് ഫീസടച്ചത്. അവര്‍ക്ക് നമ്മള്‍ നേരിട്ട് പണം കൊടുക്കുകയായിരുന്നു. പണം അടച്ചതിന്റെ രേഖയോ, ബില്ലോ ഒന്നും അവര്‍ തന്നില്ല.

ഫീസടച്ചതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിക്കായി അവന്‍ വുഹാന്‍ സര്‍വകലാശാലയിലേക്ക് ഇ മെയില്‍ അയച്ചു. അപ്പോഴാണ് ഫീസടച്ചില്ലെന്നും, സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്നും അവിടെ നിന്ന് മറുപടി വന്നത്. അതിന് ശേഷമാണ് ഇവന്‍ വീട്ടില്‍ അതിക്രമം കാട്ടാന്‍ തുടങ്ങിയത്. ഡാഡിയാണ് ഫീസ് അടക്കാതെ ഭാവി നശിപ്പിച്ചതെന്ന് അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവന്റെ ഭാവി നമ്മള്‍ നശിപ്പിച്ചെന്ന് പറഞ്ഞാണ് അവന്‍ ഉപദ്രവം തുടങ്ങിയത്.

നമ്മള്‍ പണം തിരികെ കിട്ടാനായി എറണാകുളത്തെ ഏജന്‍സിയുടെ മുന്നില്‍ പോയി കിടന്നുവരെ പ്രതിഷേധിച്ചു. പൊലീസില്‍ പരാതിയും കൊടുത്തു. ഇവന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി പലവട്ടം അവിടെ പൊയിട്ടും ഒന്നും നടന്നില്ല. ഇതിന് ശേഷം സിനിമാ ഫീല്‍ഡില്‍ പോവാനായി 3 മാസത്തെ ഒരു കോഴ്‌സ് പഠിക്കണമെന്ന് പറഞ്ഞു. നമ്മള്‍ കൂട്ടായ്മയില്‍ ആരാധനയ്‌ക്കൊക്കെ പോകുന്നത് കൊണ്ട് സിനിമ ഫീല്‍ഡില്‍ പോകുന്നത് ശരിയായ കാര്യമല്ലെന്ന് പറഞ്ഞിട്ടും അവന്‍ കേട്ടില്ല. അലസാനം അവന്റെ നിര്‍ബന്ധം മൂലം ഒന്നര ലക്ഷം രൂപ ഈ കോഴ്‌സിനായി കൊടുത്തു. കോഴ്‌സ് കഴിഞ്ഞ് വന്ന ശേഷവും അവന്റെ ദേഷ്യം മാറിയില്ല. അതും പ്രയോജനപ്പെടില്ലെന്ന് അവന് തോന്നിയിരിക്കാം.

അതിന് ശേഷം പലവട്ടം അവന്‍ ഡാഡിയെ ഉപദ്രവിച്ചു, എന്നെയും ഉപദ്രവിക്കാന്‍ മടിയില്ലാതായി. പിന്നെ നമ്മുടെ കൂടെ ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കും അവന്‍ വരാതായി. വീട്ടിലെ ടിവിയില്‍ അവന്‍ എന്തോ വെയ്ക്കും.. ടിവിയില്‍ നിന്ന് വൈബ്രേഷന്‍ ശബ്ദം വന്നുകൊണ്ടിരിക്കും. വല്ലാത്തൊരു ശബ്ദമാണത്. അന്നേരം നമ്മള്‍ ഭയന്ന് പുറത്തിരിക്കും. ആ സമയം അവന്റെ കൈയ്യില്‍ കത്തിയും വെല്‍ഡിങ് മെഷീനുമൊക്കെയുണ്ടാവും. അശരീരി പോലെ ടിവിയില്‍ നിന്ന് എന്തോ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കും. എന്നാല്‍ അവന്‍ വീട്ടിന് പുറത്തിറങ്ങുമ്പോല്‍ എല്ലാവരോടും ഭയങ്കര സ്‌നേഹവും കമ്പനിയുമാണ്. പുറത്ത് നിന്ന് ആരെങ്കിലും വീട്ടില്‍ വന്നാലോ, പുറത്ത് വല്ല ചടങ്ങിനും പോയാലോ ഒക്കെ നീറ്റായിരിക്കും. നമ്മളോട് മാത്രമാണ് ഇങ്ങനെ ദേഷ്യം കാട്ടുന്നത്.

സിഗരറ്റ് വലിക്കാറുണ്ടെന്നേ അറിയൂ. വേറെ ലഹരി വസ്തുവൊന്നും ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഭര്‍ത്താവ് സോഫയില്‍ ഉറങ്ങിക്കിടക്കവേയാണ് അവന്‍ വെട്ടിക്കൊന്നത്. ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചുകൊണ്ട് അടുത്ത് കസേരയിലിരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അവന്‍ വന്ന് അച്ഛനെ വെട്ടി, പിടിച്ചിട്ടും അവന്‍ നിന്നില്ല. ആള്‍ക്കാരെ വിളിക്കാന്‍ പുറത്തിറങ്ങി ഓടി ഞാന്‍. നടുറോഡില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാനാണ് കൊല ചെയ്തതെന്ന് കരുതി ആള്‍ക്കാര് ആദ്യം അടുത്തില്ല. പിന്നീടാണ് മകനാണ് കൊല ചെയ്തതെന്ന് എല്ലാവര്‍ക്കും മനസിലായത്. ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഇവന്‍ അച്ഛന്റെ കഴുത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഞാന്‍ ഇവനെ ഇടിച്ച് അവിടെ നിന്ന് മാറ്റി. ഇവന്‍ കൈ വിട്ട ശേഷം നോക്കിയപ്പോഴും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് എന്റെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ടിരുന്നു.- അമ്മ പറയുന്നു.

പ്രജിന്‍ ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അഞ്ചാംതീയതി രാത്രിയാണ് കിളിയൂര്‍ ചാരുവിള ബംഗ്ലാവില്‍ ജോസി(70)നെ മകന്‍ പ്രജിന്‍ ജോസ്(28) അതിക്രൂരമായി വെട്ടിക്കൊന്നത്. സോഫയില്‍ കിടക്കുകയായിരുന്ന അച്ഛന്റെ കഴുത്തിലാണ് പ്രതി ആദ്യംവെട്ടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നെത്തി അടുക്കളയില്‍വെച്ച് തലയിലും നെഞ്ചിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റാരുടേയോ നിര്‍ദ്ദേശ പ്രകാരമാണ് ഈ കൊലയെന്ന സംശയം പോലീസിനുണ്ട്. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

അച്ഛനെ കൊലപ്പെടുത്തും മുന്‍പ് പ്രജിന്‍ തന്റെ ശരീരത്തിലെ രോമവും തലമുടിയും സ്വയം നീക്കംചെയ്തിരുന്നു. എന്നാല്‍, ഇയാളുടെ മുറിയില്‍ ഇതിനെക്കാളേറെ തലമുടിയുടെ ഒരു കൂമ്പാരമാണ് കണ്ടെത്തിയത്. ഭസ്മവും കളിമണ്ണും മുറിയിലുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിന് മുമ്പ് പ്രജിന്‍ തന്റെ ഐഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. തന്നെ ആഭിചാരത്തിന്റെ വഴിയേ നയിച്ചവരുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായിരുന്നു ഇതെന്നാണ് സൂചന. വീട്ടില്‍ നിന്നും കിട്ടിയ കുറിപ്പുകളിലാണ് പ്രജിന്റെ കൊലപാതക പദ്ധതികള്‍ പോലീസ് തിരിച്ചറിയുന്നത്. ജോസിന്റെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ഒരു മോഷണശ്രമം നടന്നിരുന്നു.

ചില കുറിപ്പുകളും വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍, ഇതിനുപിന്നിലും പ്രജിനാണെന്നാണ് നിലവിലെ സംശയം. അന്നേദിവസം കിട്ടിയ കുറിപ്പിന് സമാനമായ പല കുറിപ്പുകളും ഇയാളുടെ മുറിയില്‍നിന്ന് കണ്ടെത്തി. വിചിത്രമായ കുറിപ്പുകളും പ്രതിമകളും പലവിധത്തിലുള്ള ഉപകരണങ്ങളുമാണ് പ്രജിന്റെ മുറിയില്‍നിന്ന് കണ്ടെടുത്തത്. ''ഐ ആം സൂപ്പര്‍ സൈക്കോ'' എന്നുതുടങ്ങിയ പല വാചകങ്ങളും ഇയാള്‍ മുറിയില്‍ എഴുതിവെച്ചിരുന്നു. കളിമണ്ണ് നിര്‍മിച്ച പ്രതിമകളും മറ്റുചില രൂപങ്ങളും കണ്ടെത്തി. കളിമണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി അതിന്റെ തല ഛേദിക്കുന്നത് പ്രജിന്റെ ഒരു സ്വഭാവമായിരുന്നു. ഹാര്‍ഡ് വെയര്‍ കടയില്‍നിന്ന് ലഭിക്കുന്ന പലവസ്തുക്കളും ഉപയോഗിച്ച് വിവിധതരം ടൂള്‍സും ഇയാള്‍ നിര്‍മിച്ചിരുന്നു.

ജോസിന്റെ ശരീരത്തില്‍ ആകെ 28 തവണ വെട്ടേറ്റു. കൊലപാതകത്തിന് മുമ്പും ജോസിന് മകനില്‍നിന്ന് പതിവായി മര്‍ദനമേറ്റതായും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. പ്രജിന്റെ ജീവിതം ഏതാനുംവര്‍ഷങ്ങളായി അടിമുടി നിഗൂഢത നിറഞ്ഞതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Tags:    

Similar News