ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല; എന്നിട്ടും ആര്‍ഭാട ജീവിതം തുടര്‍ന്ന് അഫാന്റെ കുടുംബം; കടം വാങ്ങി ചെലവഴിക്കുന്നതില്‍ കുറവു കാട്ടിയില്ല; കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; വന്‍ കടബാധ്യത പിതാവ് അറിഞ്ഞില്ല

ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല

Update: 2025-03-04 01:17 GMT

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ നയിച്ചത് കടബാധ്യതകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു പോലീസ്. മറ്റ് കാരങ്ങള്‍ കൂട്ടക്കൊലപാതകത്തിലേക്ക് നയിക്കാന്‍ ഇടയാക്കിയിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുടുംബത്തിലെ ആക വരുമാനമുള്ള വ്യക്തി അഫാന്റെ പിതാവ് റഹീമായിരുന്നു.  എന്നാല്‍, ഗള്‍ഫിലെ ബിസിനസ് പ്രതിസന്ധിയതോടെ റഹീം വീട്ടിലേക്കു പണമയയ്ക്കാതെയായിട്ടും അഫാന്റെ കുടുംബം നയിച്ച ആര്‍ഭാടജീവിതമാണ് കടക്കെണിയുണ്ടാക്കിയതെന്നും അതിനെത്തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടത്താന്‍ അഫാന്‍ പദ്ധതിയിട്ടതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കടം നല്‍കിയ ബന്ധുക്കളുടെയും വായ്പയെടുത്തിരുന്ന ധനകാര്യസ്ഥാപനങ്ങളിലുള്ളവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ് കടബാധ്യത പോലീസ് ഉറപ്പിച്ചത്. എന്നാല്‍, അഫാന്റെ പിതാവ് റഹീമിന് ഇതറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ 2022 മുതല്‍ വരുമാനം കുറഞ്ഞുതുടങ്ങി. ആറു മാസം മുന്‍പ് പൂര്‍ണമായും പണം വരാതെയായി. പക്ഷേ, ആര്‍ഭാടജീവിതം ഒഴിവാക്കാന്‍ അഫാന്റെ കുടുംബം തയ്യാറായില്ല.

ആശുപത്രി, അനുജന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നിത്യച്ചെലവുകള്‍ക്കും ആര്‍ഭാടത്തിനുമായി ബന്ധുക്കളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും പണം കടമെടുത്തുതുടങ്ങി. പണം തിരികച്ചോദിക്കുന്നവര്‍ക്ക് മറ്റൊരാളില്‍നിന്ന് പലിശയ്ക്ക് പണം കടമെടുത്തു നല്‍കി. അതോടെ പലിശയുള്‍പ്പെടെ കടബാധ്യത 65 ലക്ഷത്തോളമായി. എന്നാല്‍, സംഭവമറിഞ്ഞെത്തിയ പിതാവ് റഹീം, 65 ലക്ഷം കടബാധ്യതയെന്ന മകന്റെ മൊഴിയെപ്പറ്റി തനിക്കറിയില്ലെന്നും വിദേശത്ത് 15 ലക്ഷത്തിന്റെയും നാട്ടില്‍ 12 ലക്ഷത്തിന്റെയും കടമുണ്ടാകാമെന്നുമാണ് പോലീസിനു മൊഴിനല്‍കിയിരിക്കുന്നത്.

എന്നാല്‍, കൊലപാതങ്ങള്‍ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണംകൂടി ഉണ്ടെങ്കില്‍ അഫാനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്താലെ അറിയാന്‍ കഴിയുള്ളൂവെന്ന് അന്വേഷണോദ്യോഗസ്ഥനായ വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ പറഞ്ഞു. അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാന്റെ രണ്ടാമത്തെ കേസിലെ അറസ്റ്റും രേഖപ്പെടുത്തി. തേമ്പാമൂട് പേരുമലയിലെ വീട്ടില്‍ സഹോദരന്‍ അഫ്‌സാനെയും സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയ കേസിലും മാതാവിനെ ആക്രമിച്ച സംഭവത്തിലുമാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

പാങ്ങോട്ടുള്ള കുടുംബവീട്ടിലെ മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എലിവിഷം കഴിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അഫാന്റെ ആരോഗ്യപുരോഗതിയില്‍ മാറ്റംവന്നതോടെ ചൊവ്വാഴ്ച ആശുപത്രിയില്‍നിന്ന് ജയിലിലേക്കു മാറ്റും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലും നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിലവില്‍ അഫാനില്ല. ഇതിനിടെ അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുകയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രധാനമാണ്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസ് നീക്കം. വെഞ്ഞാറമൂട് കൊലക്കേസിലെ പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. അച്ഛന്റെ സഹോദരനെയും ഭാര്യയെയും ഉള്‍പ്പെടെ നാലു പേരെ കൊന്നതിനും അമ്മയെ കൊല്ലാന്‍ ശ്രമിച്ചതിനുമാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്.

അതേ സമയം, അഫാന്‍ മറ്റു രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ തര്‍ക്കവുമുണ്ടായി. ഇതില്‍ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു.

മുത്തശ്ശിയെയും അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോള്‍ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാല്‍ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നാണ് അഫാന്റെ മൊഴി. അല്ലെങ്കില്‍ നിഷ്ഠൂര കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു.

Tags:    

Similar News