വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകത്തില്‍ നിര്‍ണായകം ഉമ്മ ഷെമിനയുടെ മൊഴി; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് മൊഴി രേഖപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ അനുമതി; സാമ്പത്തിക പ്രതിസന്ധിയെന്ന അഫാന്റെ മൊഴിയില്‍ ചുറ്റിപ്പറ്റി അന്വേഷണം; വ്യത്യസ്തവും അപൂര്‍വവുമായ കേസെന്ന പരിഗണനയില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രത്യേക 'കേസ് സ്റ്റഡി'യാക്കി പോലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകത്തില്‍ നിര്‍ണായകം ഉമ്മ ഷെമിനയുടെ മൊഴി

Update: 2025-02-27 00:48 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസില്‍ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. അഫാന്റെ മൊഴിയെ ശരിവെക്കുന്ന വിധത്തിലാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍.

അതേസമയം കേരള പൊലീസ് ഇതുവരെ കൈകാര്യം ചെയ്ത കൂട്ടക്കൊലപാതക കേസുകളില്‍നിന്ന് ഏറെ വ്യത്യസ്തവും അപൂര്‍വവുമാണു വെഞ്ഞാറമൂട് കൂട്ടക്കൊലയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്ില്‍ സംഭവം പ്രത്യേക കേസ് സ്റ്റഡി ആയി പൊലീസ് പഠിക്കും. ഇരകളെയെല്ലാം ഒന്നിച്ചു കൊലപ്പെടുത്തുന്ന രീതിയാണ് ഭൂരിഭാഗം കേസുകളിലുമുള്ളത്. എന്നാല്‍, വെഞ്ഞാറമൂട് കേസില്‍ പ്രതി അഫാന്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട ആക്രമണ പരമ്പരയിലൂടെയാണ് 3 വീടുകളിലായി 5 പേരെ കൊലപ്പെടുത്തിയത്.

ഇതിനായി ഇയാള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു. കൊലപാതകങ്ങള്‍ക്ക് ഇടവേളകളെടുത്തു വിശ്രമിച്ചു; മദ്യപിച്ചു. എല്ലാറ്റിനും ശേഷം കുളിച്ചു വസ്ത്രം മാറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ക്രിമിനല്‍ പശ്ചാത്തലമോ സമൂഹത്തില്‍ മുന്‍പു പ്രശ്‌നങ്ങളോ സൃഷ്ടിക്കാത്ത അഫാന്‍ എങ്ങനെ ഈ രീതിയില്‍ പെരുമാറിയെന്നതിനു പൊലീസിന്റെ പക്കല്‍ വ്യക്തമായ ഉത്തരമില്ല. പുതിയ കാലത്തെ ലഹരിമരുന്നുകളുടെ അടിമയാണ് അഫാനെന്ന വാദങ്ങളുണ്ടെങ്കിലും അതു സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടില്ല. താന്‍ വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന ആളാണെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയായ അഫാന്റെ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. കൊലപാതകങ്ങള്‍ക്കുശേഷം വിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ മൊഴി ഔദ്യോഗികമായി പോലീസ് രേഖപ്പെടുത്തുകയായിരുന്നു. അതീവരഹസ്യമായി ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഈ മൊഴിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അഫാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി ഉമ്മ നിരന്തരം പണംകടം വാങ്ങുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും 12 പേരില്‍നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു. ഇതായിരുന്നു കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിച്ച പതിവ് രീതി.

എന്നാല്‍ ഒരു ഘട്ടത്തില്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നിഗമനത്തിലെത്തിയത് എന്നും അഫാന്‍ പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലും, പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവര്‍ ചെയ്തത്. ഈ കാരണത്താല്‍ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. ഇതാണ് മൂന്നുപേരേയും ഇല്ലാതാക്കാനുള്ള കാരണമായത്. 'ഞാനില്ലെങ്കില്‍ അവളും വേണ്ട' എന്ന തീരുമാനമാണ് ഫര്‍സാനയെ കൊല്ലുന്നതിലേക്ക് തന്നെ എത്തിച്ചത് എന്നും മൊഴിയില്‍ പറയുന്നു.

സംഭവദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നാണ് മൊഴി. രാവിലെ 11 മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായപ്പോള്‍ മരിച്ചെന്ന് കരുതി അവരെ മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.

അതിനായി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി. തുടര്‍ന്ന് അവിടെതന്നെയുള്ള ഒരു കടയില്‍പോയി ഭാ?രം കൂടിയ ചുറ്റിക വാങ്ങി. മറ്റ് കടകളില്‍ പോയി ബാഗും എലി വിഷവും വാങ്ങി. ഇതെല്ലാമായി വീട്ടിലെത്തിയപ്പോഴാണ് ഉമ്മ തല ഉയര്‍ത്തി തന്നെ നോക്കുന്നത് അഫാന്‍ കാണുന്നത്. ഉടന്‍ ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചെന്ന ധാരണയില്‍ വീടിനു പുറത്തേക്ക് പോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി. ശേഷം മുത്തശ്ശിയുടെ സ്വര്‍ണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി.

ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണമാല പണയംവെച്ച് 74500 രൂപ വാങ്ങി. ഈ പണത്തില്‍നിന്ന് കടം വാങ്ങിയ വ്യക്തിക്ക് ഓണ്‍ലൈന്‍ വഴി 40000 രൂപ കൈമാറി. ഇതിനുശേഷം എസ്.എന്‍.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെത്തി ഒരു ബാറില്‍നിന്ന് മദ്യപിച്ചു. ഒരു ബോട്ടില്‍ മദ്യം ബാറില്‍നിന്ന് വാങ്ങുകയും ചെയ്തു. പിന്നീട് കാമുകിയായ ഫര്‍സാനയെ വിളിച്ച് ബൈക്കില്‍ ഇരുവരും വീട്ടിലേക്ക് എത്തി. എന്നാല്‍ ഇതിനു മുന്‍പ്, സഹോദരനായ അഫ്‌സാന്‍ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ അഫാന്‍ കുഴിമന്തി വാങ്ങാന്‍ അഫ്‌സാനെ വെഞ്ഞാറമൂട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍വെച്ച് ഫര്‍സാനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷമാണ് താന്‍ വിഷം കഴിച്ചത് എന്നാണ് അഫാന്‍ പറയുന്നത്. തുടര്‍ന്ന് സഹോദരനായ അഫ്‌സാന്‍ കുഴിമന്തിയുമായി തിരികെ വീട്ടിലേക്ക് എത്തി. ഇതോടെ സഹോദരനേയും വകവരുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് മൊഴിയിലുള്ളത്. ചൊവ്വാഴ്ച അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കൃത്യത്തിലേക്ക് നയിച്ചതിന് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. ഇതാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ വൈകിയത്.

Tags:    

Similar News