കടം കയറി മുടിഞ്ഞെന്ന് പറയുമ്പോഴും അഫാന് ബൈക്കുകളും മുന്തിയ ഇനം മൊബൈലുകളും ദൗര്‍ബല്യം; ആഡംബര ജീവിതത്തിനായി പെണ്‍സുഹൃത്ത് ഫര്‍സാനയോടും വലിയ തുക വാങ്ങി; ആറുമണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്താന്‍ പറന്നുനടന്നതും പുത്തന്‍ ബൈക്കില്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?

Update: 2025-02-25 10:10 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ അഞ്ചുപേരുടെ കൂട്ടക്കൊല പ്രതി അഫാന് ആര്‍ഭാടജീവിതം നയിക്കാന്‍ പണം തികയാതെ വന്നതോടെ? വെഞ്ഞാറമൂട് പനവൂരിലെ കോളേജില്‍ ബിരുദ കോഴ്‌സ് പാതിവഴിയില്‍ മുടക്കിയ ശേഷം അഫാന്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. 75 ലക്ഷത്തോളം കടമുണ്ടെന്നും ബന്ധുക്കള്‍ സഹായിക്കാന്‍ തയ്യാറാകാത്തതുമാണ് അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അഫാന്റെ മൊഴി. എന്നാല്‍, കയ്യില്‍ നയാപൈസയില്ലെന്ന് പറയുമ്പോഴും ഈ 23 കാരന് ആഡംബരഭ്രമം കലശലായിരുന്നു.

ബൈക്കുകളും മുന്തിയയിനം മൊബൈല്‍ ഫോണുകളും അഫാന്റെ ദൗര്‍ബല്യം ആയിരുന്നു. അടുത്തിടെയും ഇയാള്‍ പുതിയ ബൈക്ക് വാങ്ങി. അതില്‍ പറന്നു നടന്നാണ് ഇന്നലെ ആറു മണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്തിയത്. കൊലപാതകങ്ങള്‍ക്ക് ശേഷം എലിവിഷം കഴിച്ച ആദ്യ ആത്മഹത്യാശ്രമം അല്ല ഇതെന്ന് സുഹൃത്തുക്കള്‍ തന്നെ പറയുന്നു. എട്ടുവര്‍ഷം മുമ്പ് വിഷം കഴിച്ചത് പുതിയ മൊബൈല്‍ ഫോണിന് വേണ്ടിയായിരുന്നു.

പെണ്‍സുഹൃത്തില്‍ നിന്നും വലിയ തുക വാങ്ങി

അഫാന്‍ പെണ്‍സുഹൃത്തായ ഫര്‍സാനയില്‍ നിന്ന് വലിയ തുക വാങ്ങിയിരുന്നു. ഇക്കാര്യം 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അഫാന്റെ പിതാവ് അബ്ദുല്‍ റഹീമാണ് വ്യക്തമാക്കിയത്. അഞ്ചലിലെ കോളജില്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയായ ഫര്‍സാനയെയും അഫാന്‍ കൊലപ്പെടുത്തി. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു ഫര്‍സാന.

'അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ആണ്‍ പെണ്‍ സൗഹൃദമൊക്കെ സാധാരണമാണെന്നും അതിന് ആവശ്യമില്ലാതെ ഗൗരവം നല്‍കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഞാന്‍ ബന്ധുക്കളെ അറിയിച്ചത്. ഈ പെണ്‍കുട്ടിയോട് അഫാന്‍ സാമ്പത്തിക സഹായം വാങ്ങിയിരുന്നു. അതില്‍ പകുതിയോളം ഞാന്‍ തന്നെ അയച്ചു കൊടുത്തിരുന്നു'' അബ്ദുല്‍ റഹീം പറഞ്ഞു.

അഫാനുമായുള്ള ഇഷ്ടം ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ ചെന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നു. 'അഫാന് വിദേശത്ത് സ്ഥാപനം നടത്തിയതിന്റെ പേരിലോ സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസികമായ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളതായി അറിവില്ലെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. യാതൊരു തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല. കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത മൂലം 7 വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടുമില്ല. നാട്ടിലുള്ള വീടും വസ്തുവും വിറ്റ് ഇവിടെയുളള കടങ്ങളും ബാധ്യതകളും തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ വിവരം കുടുംബത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആറ് മാസത്തെ സന്ദര്‍ശക വീസയില്‍ അഫാന്‍ സൗദിയില്‍ വന്നിരുന്നു. തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയത്. എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ല'' അബ്ദുല്‍ റഹീം പറഞ്ഞു.

അഫാനും ഫര്‍സാനയും ഒരേ സ്‌കൂളില്‍ പഠിച്ചവര്‍

മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (23) പഠിക്കാന്‍ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫര്‍സാന എം എസ് സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായിരുന്നു. അഫാനും ഫര്‍സാനയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. ഫര്‍സാനയുടെ വീടിനടുത്ത് അഫാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളതിനാല്‍ ഇടയ്ക്കിടെ പ്രതി അവിടെ എത്തിയിരുന്നു. അധികമാര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ഈ ബന്ധം അറിഞ്ഞ ലത്തീഫ്, അഫാന്റെ വീട്ടിലറിയിച്ചു.

ലത്തീഫിനെ മൃഗീയമായ രീതിയിലാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് ഫര്‍സാനയും പ്രതിയും ഒരുമിച്ച് ബൈക്കില്‍ പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഫര്‍സാനയെ സ്വന്തം വീട്ടിലെത്തിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. മുഖം വികൃതമായ നിലയിലായിരുന്നു. പിതൃമാതാവായ സല്‍മ ബീവിയെ ചുമരില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

അഫാന്‍ ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് വിശ്വസിക്കുമ്പോഴും, നാട്ടില്‍ അത്തരം സൂചനകള്‍ ഒന്നും അയാള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, അഫാന്‍ രാത്രി സഞ്ചാരി ആയിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പഠനം പാതിവഴിയില്‍ മുടക്കിയ അഫാന്‍, പിതാവിന്റെ ഗള്‍ഫിലെ ബിസിനസ്സില്‍ സഹായിക്കാന്‍ പദ്ധതിയിട്ടു. കോവിഡ് കാലത്ത് ബിസിനസ് തകര്‍ന്നതോടെ എല്ലാം നഷ്ടമായി.

Tags:    

Similar News