'സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റെതായിരുന്നു; സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്; ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതു കൊണ്ടാണ് കീഴടങ്ങിയത്; വിജയകുമാറിന്റെ മൊഴി ഇങ്ങനെ

'സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു;

Update: 2025-12-30 02:31 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍. സഖാവ് പറഞ്ഞു, താന്‍ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്ന കുറ്റമാണ് എസ്‌ഐടി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാര്‍ എസ്‌ഐടിയെ അറിയിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലാണ് ഈ വിവരമുള്ളത്.

എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റെതായിരുന്നു. തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനറയാം. സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്. സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോര്‍ഡില്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താന്‍ ഒപ്പിട്ടു. ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിന്റെ മൊഴി.

സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറയുന്നു. എന്നാല്‍ തട്ടിപ്പില്‍ തനിക്ക് ഉത്തരവാദിത്തമെന്ന മട്ടിലുള്ള വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും എസ്‌ഐടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍ മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പോറ്റി ഉള്‍പ്പെടെ പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നു. ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി പറയുന്നു. വിജയകുമാര്‍ കട്ടിളപ്പാളി കേസില്‍ 12ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയുമാണ്.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് വിജയകുമാറിനെ ഇന്നലെ അറസ്റ്റു ചെയ്തത്. സമ്മര്‍ദം താങ്ങാന്‍ ആവുന്നില്ലെന്ന് കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ച് അഭിഭാഷകനൊപ്പം എസ്.ഐ.ടിക്ക് മുന്നില്‍ വിജയകുമാര്‍ കീഴടങ്ങുകയായിരുന്നു.

സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ബോര്‍ഡിനാകെയെന്ന് പത്മകുമാര്‍. അംഗങ്ങളും അറിഞ്ഞാണ് 2019 ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതെന്നും മൊഴി. വിജയകുമാറിന്റെയും ശങ്കരദാസിന്റെയും അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചും സംശയം പ്രകടിപ്പിച്ചതോടെ എസ്.ഐ.ടിക്ക് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നു. ഇരുവരെയും മൂന്നാംവട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യഹര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല.

കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ച് അഭിഭാഷകനൊപ്പം വിജയകുമാര്‍ എസ്. ഐ.ടിക്ക് മുന്നില്‍ കീഴടങ്ങിയത്. എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിന് ശേഷം വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രസിഡന്റും ഉദ്യോഗസ്ഥരും അറിഞ്ഞുള്ള ഇടപാടാണെന്നും തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും വിജയകുമാര്‍ ആവര്‍ത്തിച്ചു. ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ റിമാന്‍ഡ് ചെയ്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന് ഒപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രേഖകളില്‍ ക്രിത്രിമം നടത്തിയെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ സഹകരിച്ചെന്നും എസ്. ഐ.ടി. സി.പി.എം തിരുവല്ലം ലോക്കല്‍ കമ്മിറ്റി അംഗമായ വിജയകുമാറിന്റെ അറസ്റ്റ് സ്വര്‍ണക്കൊള്ള വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കും. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികില്‍സയിലുള്ള കെ.പി.ശങ്കരദാസിന്റെ കാര്യത്തില്‍ അന്വേഷണ സംഘം എന്ത് നടപടി എടുക്കുമെന്നതിലാണ് ആകാംഷ.

Tags:    

Similar News