രണ്ടു വര്‍ഷം മുമ്പ് വിജയലക്ഷ്മിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സിനിമോളെ തേടി വിളിയെത്തി; മകനുണ്ടെന്നും തന്റെ ഭര്‍ത്താവില്‍ നിന്നും അകലണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു മടങ്ങിയെങ്കിലും ആ 'അവിഹിതം' തുടര്‍ന്നു; ഹാര്‍ബറിലെ ബന്ധം ബോട്ടില്‍ അറസ്റ്റായി; പെണ്‍സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി വച്ചത് തെങ്ങിന്‍ തൈ! ജയചന്ദ്രന്‍ വില്ലനാകുമ്പോള്‍

Update: 2024-11-19 08:52 GMT

അമ്പലപ്പുഴ: ഭര്‍ത്താവ് ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിലെ ബന്ധം രണ്ടു വര്‍ഷം മുമ്പേ സിനിമോള്‍ക്ക് അറിയാമായിരുന്നു. വിജയലക്ഷ്മിയുടെ കുടുംബം പ്രതിസന്ധിയിലായപ്പോള്‍ തന്നെ ചിലര്‍ എല്ലാം സിനിമോളെ അറിയിച്ചു. വിജയലക്ഷ്മി നേരിട്ട് പോയി കരുനാഗപ്പള്ളിയില്‍ വച്ച് വിജയലക്ഷ്മിയെ കണ്ടു. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല. അവര്‍ ആ സൗഹൃദം തുടര്‍ന്നു. ഒടുവില്‍ അത് ജീവിതാവസാനത്തിലേക്കുള്ള വിജയലക്ഷ്മിയുടെ ബന്ധവുമായി. കരുനാഗപ്പള്ളിയില്‍ മീന്‍ കച്ചവടത്തിന് എത്തിയായിരുന്നു ഇവര്‍ തമ്മിലെ അടുപ്പം തുടര്‍ന്നത്. ഒടുവില്‍ മത്സബന്ധന ബോട്ടില്‍ നിന്നു തന്നെ ജയചന്ദ്രനെ പോലീസ് പൊക്കിയെന്നാണ് സൂചന. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലില്‍ എല്ലാം അയാള്‍ മണിമണിയോടെ പറഞ്ഞു. ഇതിനൊപ്പമാണ് തന്റെ നിസ്സഹായത സിനിമോളും പറഞ്ഞത്.

കരുനാഗപ്പള്ളിയില്‍ നിന്നു കാണാതായ വിജയലക്ഷ്മിയെ അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വിജയലക്ഷ്മിയെ നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. വിജയലക്ഷ്മി പ്രതിയുടെ സാന്നിധ്യത്തില്‍ മറ്റൊരാളോട് ഫോണില്‍ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടില്‍ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് പ്രതി വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

വിജയലക്ഷ്മി(48)യെ ആറാം തീയതി മുതലാണ് കാണാതായത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സഹോദരിയാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരില്‍ പൊലിസ് പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. യുവതിയുടെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്.

കാണാതായ യുവതിയുടെ മൊബൈല്‍ ഫോണ്‍ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. അതേ സമയം വിജയലക്ഷ്മി തീര്‍ത്ഥാടനത്തിന് പോയതാണെന്നാണ് കരുതിയതെന്ന് സഹോദരന്‍ കൃഷ്ണസിംഗ് പറഞ്ഞു. വാടക വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. കൊല്ലപ്പെട്ടെന്ന വിവരം രാവിലെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു എന്നും കൃഷ്ണ സിംഗ് വിശദീകരിച്ചു.

നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു. രണ്ടിടത്തും പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. ആദ്യ സ്ഥല പരിശോധനയില്‍ തന്നെ മൃതദേഹം കിട്ടി. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. കൊല നടന്ന ദിവസങ്ങളില്‍ വീട്ടിലുണ്ടായിരുന്നില്ല. മകന്‍ പുന്നപ്രയിലെ തന്റെ വീട്ടിലായിരുന്നുവെന്നും സുനിമോള്‍ വിശദീകരിക്കുന്നു. ജയചന്ദ്രന്‍ തന്നെ സ്‌നേഹിക്കുന്നതായും തനിക്ക് പണം നല്‍കിയെന്നും ജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.

അതേസമയം, വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയ ജയചന്ദ്രന്‍, താന്‍ 'ദൃശ്യം' സിനിമ പല തവണ കണ്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്കു മാറിയത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് കുടുംബം പറയുന്നു. അതേസമയം ജയചന്ദ്രന്റെ വീടിനു സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വസ്ത്രം കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ജയചന്ദ്രന് നാട്ടുകാരുമായി വലിയ സൗഹൃദമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Tags:    

Similar News