വിജയലക്ഷ്മി വിവാഹമോചിത; ജയചന്ദ്രന്‍ വിവാഹിതനും അച്ഛനും; ആറു മാസമായി രണ്ടു പേരും സുഹൃത്തുക്കള്‍; കാണാതാകല്‍ അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത് കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണ്‍; പിന്നെ അറിഞ്ഞത് ജയചന്ദ്രന്റെ ക്രൂരത; വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്ത് കരൂരില്‍

Update: 2024-11-19 04:42 GMT

ആലപ്പുഴ: വീണ്ടും കേരളത്തില്‍ കൊലപ്പെടുത്തി കുഴിച്ചു മൂടല്‍. യുവതിയെ കൊന്ന് കുഴിച്ചു മൂടി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയിലായി. വിജയലക്ഷ്മിയെ പ്ലെയര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം സിനിമ മോഡല്‍ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 6 മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതി ജയചന്ദ്രന്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം നടത്തി. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഒടുവില്‍ പ്രതിയ്ക്ക് കുടുക്കായതും. വിജയലക്ഷ്മിയുടെ ആണ്‍ സുഹൃത്തായിരുന്നു ജയചന്ദ്രന്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് വിജയലക്ഷ്മിയെ കാണാതായത്. ആമ്പലപ്പുഴയിലാണ് കുഴിച്ചു മൂടിയത്.

യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജയചന്ദ്രനും ആയി ജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി ജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരില്‍ പോലിസ് പരിശോധന നടത്തുന്നത്. ജയചന്ദ്രന്റെ വീട് കരൂരിലാണ്. കാണാതാകലില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൊബൈല്‍ കിട്ടിയത്.

യുവതിയുടെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈല്‍ ഫോണ്‍ എറണാകുളത്ത് നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്ന് ജയചന്ദ്രനിലേക്ക് എത്തിയത്. ഫോണ്‍ ബസില്‍ ഉപേക്ഷിച്ചത് ജയചന്ദ്രനാണെന്ന് മനസ്സിലായി.

യുവതിയുടെ സഹോദരിയാണ് പരാതി നല്‍കിയത്. സാധാരണ കാണാതാകല്‍ എന്ന രീതിയില്‍ അന്വേഷിച്ചു. ഇതിനിടെയാണ് ഫോണ്‍ കിട്ടിയത്. ഫോണ്‍ കണ്ടക്ടര്‍ക്ക് കിട്ടിയത് സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. പിന്നീട് ഫോണില്‍ അന്വേഷണം നടന്നു. അങ്ങനെ അന്വേഷണം ജയചന്ദ്രനിലേക്ക് എത്തി. രണ്ടു വര്‍ഷം മുമ്പാണ് ജയചന്ദ്രനെ വിജയലക്ഷ്മി പരിചയപ്പെട്ടത്. വിജയലക്ഷ്മി വിവാഹ മോചിതയാണ്. ജയചന്ദ്രന്‍ വിവാഹിതനും  അച്ഛനും ആണ്‌. ഈ ബന്ധം തുടരുന്നതിനിടെയാണ് ജയലക്ഷ്മിയ്ക്ക് വരുന്ന ചില ഫോണുകളുടെ പേരില്‍ പ്രശ്‌നം തുടങ്ങുന്നത്.

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് അടുത്താണ് ഈ പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചു മൂടിയത്. കുറച്ചു കാലമായി വിജയലക്ഷ്മിക്കൊപ്പമാണ് ജയചന്ദ്രന്‍ കഴിഞ്ഞതെന്നും സൂചനയുണ്ട്. ഫോണ്‍ കിട്ടിയതിനെ തുടര്‍ന്നുള്ള മൊഴി എടുക്കലിലാണ് ജയചന്ദ്രന്‍ കുറ്റ സമ്മതം നടത്തിയത്. തന്നെ ചതിയ്ക്കുന്നുവെന്ന് സംശയമുണ്ടായെന്നും അതുകൊണ്ടാണ് കൊന്നതെന്നും ജയചന്ദ്രന്‍ മൊഴി നല്‍കി.

Tags:    

Similar News