വിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവെച്ച ആ കുറിപ്പ് മുക്കിയതാര്? അപ്രത്യക്ഷമായ ആ കുറിപ്പിനെ കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും; വിപഞ്ചികയുടെ മൊബൈല്‍ ഫോണും വിശദമായി പരിശോധിക്കും

വിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവെച്ച ആ കുറിപ്പ് മുക്കിയതാര്?

Update: 2025-07-25 01:40 GMT

കൊല്ലം: വിപഞ്ചികയുടെ മരണത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. വിപഞ്ചികയുടെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. പ്രതി വിദേശത്തായ പശ്ചാത്തലത്തില്‍ കൂടുതല്‍ തെളിവുകള്‍ ഉറപ്പിക്കാനാണ് പോലീസിന്റെ നീക്കം. മരിക്കുന്നതിനു മുമ്പ് വിപഞ്ചിക ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ആത്മഹത്യാ കുറിപ്പ് അപ്രത്യക്ഷമായതിലും അന്വേഷണം നടത്തും. ആ പോസ്റ്റ് ആരാണ് മുക്കിയത് എന്നതിലാണ് അന്വേഷണം.

അതേസമയം ഭര്‍ത്താവ് നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ മൊബൈല്‍ ഫോണും പൊലീസ് വിശദമായി പരിശോധിക്കും. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലുടന്‍ നടപടി വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം കടുപ്പിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്.

വിപഞ്ചികയുടെ ശരീരത്തിലെ ചില അവയവങ്ങള്‍ നീക്കം ചെയ്തതായി സൂചനയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ദുബായിലെ ഇന്ത്യന്‍ എംബസിയെ അന്വേഷണസംഘം വിവരം അറിയിക്കും. കഴിഞ്ഞ ദിവസമാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. റീപോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ മുറിവുകളും, ചതവുകളും കണ്ടെത്തിയിരുന്നു.

വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ ഷാര്‍ജയിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. വിപഞ്ചികയെ ഷാര്‍ജയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനു പുറമെ, പിതാവിനേയും സഹോദരിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെ മാതൃ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ എത്തിച്ചാണ് വിപഞ്ചികയുടെ മൃതദേഹം സംസ്‌ക്കരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മകള്‍ വൈഭവിയുടെ ചോറൂണിന് എത്തിയപ്പോഴാണ് വിപഞ്ചിക അവസാനമായി ഇവിടെ വന്നത്. ഭര്‍ത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുകളുമായുള്ള ധാരണയെ തുടര്‍ന്ന് വൈഭവിയുടെ മൃതദേഹം 17ന് ദുബായില്‍ തന്നെ സംസ്‌കരിച്ചിരുന്നു.

കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക, മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവന്‍ത്തുരുത്ത് വലിയവീട്ടില്‍ നിതീഷുമായുള്ള വിവാഹം. വിവാഹ ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags:    

Similar News