ജെറ്റ് എയര്‍വേസ് കമ്പനിയുടെ കള്ളപ്പണ കേസില്‍ പങ്കുണെന്ന് പറഞ്ഞു വിളിച്ചു; വ്യാജ ജഡ്ജിയെയും സാക്ഷിയെയും വരെ ഒരുക്കി തട്ടിപ്പ് സംഘം; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 2.88 കോടി രൂപ; വലിയ തോതില്‍ പണം പിന്‍വലിക്കുന്നത് ചികിത്സാചെലവിനാണെന്ന് പറയാനും നിര്‍ദ്ദേശം; മട്ടാഞ്ചേരിയിലെ വീട്ടമ്മയ്ക്ക് സംഭവിച്ചത്

Update: 2025-09-06 07:19 GMT

കൊച്ചി: ഭീകരമായ സൈബര്‍ തട്ടിപ്പില്‍ വീണ് വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 കോടി രൂപ. മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിയായ 59 കാരിക്കാണ് 2.88 കോടി രൂപ നഷ്ടമായത്. ഇവരെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതിന് ശേഷം പണം തട്ടുകയായിരുന്നു. രണ്ട് മാസത്തില്‍ ഏറെയായി യുവതി പറ്റിക്കപ്പെടുകയായിരുന്നു. മാനസികമായും തട്ടിപ്പ് സംഘം തളര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

മുംബൈയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണിലൂടെയാണ് യുവതിയെ തട്ടിപ്പ് സംഘം വിളിക്കുന്നത്. ജെറ്റ് എയര്‍വേസ് കമ്പനിയുടെ കള്ളപ്പണ കേസില്‍ വീട്ടമ്മയ്ക്കും പങ്കുണ്ടെന്നു ആരോപിച്ചാണ് സംഘം ഭീഷണിപ്പെടുത്തിയത്. സന്തോഷ് റാവു എന്നാണ് ഫോണ്‍ ചെയ്ത ആള്‍ യുവതിയോട് പേര് പറഞ്ഞത്. മുംബൈയിലെ അക്കൗണ്ടില്‍ രണ്ട് കോടി രൂപ ഉണ്ടെന്നും ഇതില്‍ 25 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ യുവതിക്ക് കമ്മീഷന്‍ ലഭിച്ചതാണെന്നും പറഞ്ഞായിരുന്നു അവര്‍ വിളിച്ചത്. തുടര്‍ന്ന് വീട്ടമ്മയെ 'വെര്‍ച്വല്‍ അറസ്റ്റില്‍' എടുത്ത് ഓണ്‍ലൈന്‍ 'കോടതിയില്‍' ഹാജരാക്കി. വ്യാജ ജഡ്ജി, വക്കീല്‍, സാക്ഷി എന്നിവരെയെല്ലാം ഒരുക്കി കേസ് യഥാര്‍ഥമാണെന്നു വരുത്താന്‍ സംഘം ശ്രമിച്ചു.

തുടര്‍ന്ന് യുവതിയെ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ സാക്ഷിയായി കോടതിയില്‍ എത്തുകയും ചെയ്തു. ഇവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കള്ള സാക്ഷി ആരോപിച്ചു. വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും മോചിപ്പിക്കണമെങ്കില്‍ അക്കൗണ്ടില്‍ ഉള്ള പണം കൈമാറണം എന്നും ഇവര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദത്തിലായ വീട്ടമ്മ, 2024 ജൂലൈ 10 മുതല്‍ പലഘട്ടങ്ങളിലായി 2.88 കോടി രൂപ സംഘത്തിന് കൈമാറി. സ്വര്‍ണം പണയം വെച്ച് 62 ലക്ഷം രൂപയും നല്‍കിയതായി പരാതി പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു പോലും സംഭവം പറയരുതെന്നും വലിയ തോതില്‍ പണം പിന്‍വലിക്കുന്നത് ചികിത്സാചെലവിനാണെന്നും പറയണമെന്ന് സംഘം നിര്‍ദ്ദേശിച്ചു.

പണം കൈമാറ്റം പൂര്‍ത്തിയായതിന് ശേഷം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ അടുത്തുള്ള സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വലിയ തട്ടിപ്പ് നടന്നതെന്ന് വ്യക്തമായത്. മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News