കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പരസ്യം; വിശ്വസിച്ചു സമീപിച്ചവരെ സമര്‍ത്ഥമായി കബളിപ്പിച്ചു പണം പറ്റി; വിസാ തട്ടിപ്പില്‍ അറസ്റ്റിലായ അര്‍ച്ചന തങ്കച്ചന്റെ മുഖ്യപങ്കാളി ആലപ്പുഴ സ്വദേശി; ജിത്തു ആന്റണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്
ജിത്തു ആന്റണിക്കായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി യുവതി പണം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചന്‍ (28) ഇന്നലെയാണ് റിമാന്‍ഡിലായത്. കാനഡയില്‍ലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്താണ് യുവതിയും സംഘവും പണം തട്ടിയത്. അറസ്റ്റിലായ അര്‍ച്ചനയെ കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. സുഹൃത്തിനോടൊപ്പം ചേര്‍ന്നായിരുന്നു തട്ടിപ്പ്. ജിത്തു ആന്റണി എന്നായാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എറണാകുളം ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. നിരവധി പേരെയാണ് വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനത്തില്‍ വിശ്വസിച്ചവരാണ് തട്ടിപ്പിന് ഇരയായത്. കോഴിക്കോട് കല്ലായി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പന്നിയങ്കര പോലീസ് അര്‍ച്ചനയെ അറസ്റ്റ് ചെയ്തത്. അര്‍ച്ചനയുടെ സുഹൃത്തും, കേസിലെ മുഖ്യ പ്രതിയുമായ ആലപ്പുഴ മുട്ടാര്‍ സ്വദേശി ജിത്തു ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
കല്ലായി സ്വദേശിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയ കേസിലാണ് യുവതി അറസ്റ്റിലായത്. കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി 2023 മാര്‍ച്ചില്‍ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനവുമായി പരാതിക്കാരന്‍ ബന്ധപ്പെടുന്നത്. ഈ പരസ്യത്തില്‍ വിശ്വസിച്ചു നിരവധി പേര്‍ കെണിയില്‍ വീണുവെന്നാണ് സൂചനകള്‍.
2023 മെയ് മാസത്തിലായിരുന്നു പരാതിക്കാരനില്‍ നിന്നും പ്രതികള്‍ പണം കൈപ്പറ്റിയത്.
3 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ വിസ നല്‍കാതെ പരാതിക്കാരനെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രോസ്സസിംഗ് വൈകുന്നതാലാണ് വിസ വൈകാന്‍ കാരണമെന്നായിരുന്നു ഇവര്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ പുതിയ വിസകള്‍ നിരസിക്കുന്നതായും പ്രതികള്‍ പറഞ്ഞു. വര്‍ക്ക് പെര്‍മിറ്റിനായി പണം നല്‍കിയവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കി വിദേശത്ത് അയക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി ടൂറിസ്റ്റ് വിസയിലും നിരവധി പേരെ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് വിടാന്‍ ശ്രമം നടന്നെങ്കിലും വിഎഫ്എസില്‍ നിന്നും ഈ വിസകള്‍ നിരസിച്ചതായും തട്ടിപ്പിനിരയായവര്‍ പറയുന്നു.
പല ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രതികളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ്‌കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പല ആളുകളില്‍നിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പരില്‍ എറണാകുളം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസും വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
അതേസമയം, കേസിലെ മുഖ്യ പ്രതിയായ ജിത്തു ആന്റണിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാനമായ തട്ടിപ്പ് മുമ്പും നടത്തിയിട്ടുണ്ടോ എന്നതിലും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.