ഡാ...അടുത്ത് വന്നാൽ ഉണ്ടല്ലോ..വെട്ടും ഞാൻ..!! വൈകുന്നേരം ചണ്ണപ്പെട്ട ജംഗ്ഷനിൽ നിന്ന ആളുകൾ ഒരാളുടെ പ്രവർത്തി കണ്ട് ചിതറിയോടി; വടിവാൾ വീശിയും മോശമായി സംസാരിച്ചും മുഴുവൻ ഭീതി; ഒടുവിൽ പോലീസിന്റെ വരവിൽ ശ്രീബ്ലോഗർക്ക് എട്ടിന്റെ പണി

Update: 2025-11-23 16:39 GMT

കൊല്ലം: കൊല്ലം എരൂരിൽ പൊതുനിരത്തിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ വ്ലോഗറും രണ്ട് കൂട്ടാളികളും അറസ്റ്റിലായി. 'ശ്രീബ്ലോഗ്' എന്ന പേരിൽ വീഡിയോ ബ്ലോഗ് നടത്തുന്ന ക്ലാപ്പന സ്വദേശി ശ്രീജിത്ത്, ഇയാളുടെ കൂട്ടാളികളായ അയിലറ സ്വദേശി ബിറ്റോ വർഗീസ്, നേടിയറ സ്വദേശി ഗോപൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ചണ്ണപ്പെട്ട ജംഗ്ഷനിലാണ് ഇവർ മാരകായുധങ്ങളുമായി പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ പെരുമാറിയത്. പൊതുസ്ഥലത്ത് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ, അടുത്ത് വന്നാൽ വെട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. ഇവരുടെ പ്രവൃത്തി പൊതുജനങ്ങളിൽ വലിയ ഭീതിയുണ്ടാക്കി.

വ്ലോഗർ ശ്രീജിത്തിനെതിരെ ഇത് ആദ്യമായല്ല പരാതി ഉയരുന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള ഇയാളുടെ ഇടപെടലുകൾ പലപ്പോഴും വിവാദമായിരുന്നു. പല വ്യക്തികൾക്കെതിരെയും അനാവശ്യമായ പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തിയിതിന്റെ പേരിൽ ശ്രീജിത്തിനെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീഡിയോകൾക്ക് ലഭിക്കുന്ന ശ്രദ്ധ പലപ്പോഴും നിയമലംഘനങ്ങളിലേക്കും പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രവൃത്തികളിലേക്കും വഴിവെച്ചിരുന്നുവെന്ന് പോലീസ് നിരീക്ഷിക്കുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. ശ്രീജിത്തും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തെ രഹസ്യമായി പിന്തുടർന്ന പോലീസ്, ആലഞ്ചേരിയിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി മൂവരെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിച്ച വടിവാളും, ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാരകായുധം ഉപയോഗിച്ച് പൊതുസ്ഥലത്ത് ഭീഷണി മുഴക്കിയതിനും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News