യുവതിയുടെ മരണം ട്രെയിന്‍ ഇടിച്ചോ ട്രെയിനില്‍ നിന്നും ചാടിയോ അല്ലെന്ന് പോലീസ് നിഗമനം; മുഖത്ത് ഉള്‍പ്പടെ പരിക്കേറ്റ പാടുകള്‍; വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന; ആളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി പോലീസ്

യുവതിയുടെ മരണം ട്രെയിന്‍ ഇടിച്ചോ ട്രെയിനില്‍ നിന്നും ചാടിയോ അല്ലെന്ന് പോലീസ് നിഗമനം

Update: 2026-02-24 03:34 GMT

കൊച്ചി: കൊച്ചി വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. യുവതിയെ കൊലപ്പെടുത്തി റെയില്‍ ട്രാക്കില്‍ കൊണ്ടു വന്നിട്ടതാണെന്ന സൂചനയുണ്ട്. 30 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫോറന്‍സിക് വിഭാഗവും ഉള്‍പ്പെടെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി ആയിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് നിഗമനം. മുഖത്ത് ഉള്‍പ്പെടെ പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പാലത്തിന്റെ തൂണിനോട് ചേര്‍ന്നാണ് മൃതദേഹം കിടക്കുന്നത്.

ട്രെയിനില്‍ നിന്ന് ചാടിയതല്ല അല്ലെങ്കില്‍ ട്രെയിന്‍ ഇടിച്ചതല്ല എന്നാണ് പൊലീസിന്റെ നിഗമനം. വൈറ്റില ഫ്‌ലൈ ഓവറിനോട് ചേര്‍ന്നാണ് സംഭവം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകും. മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

പ്രദേശത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടണ്ട്. ഇത് പരിശോധിച്ചു യുവതി ആരെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

Tags:    

Similar News