കിടപ്പുമുറിയിലെ അലമാര തുറന്ന യുവതിയുടെ മുഖത്ത് ടെൻഷൻ; പാസ്‌പോർട്ടും ഗ്രീൻ കാർഡും ഒന്നും കാണാനില്ല; വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും നോ രക്ഷ; പൊടുന്നനെ അമേരിക്കയിൽ നിന്ന് ഭർത്താവിന്റെ മെസ്സേജിൽ വൻ ട്വിസ്റ്റ്; ആകെ..തകർന്നുപോയ അവസ്ഥ; വിശ്വസിക്കാനാകാതെ കുടുംബം

Update: 2025-09-19 11:28 GMT

ഹൈദരാബാദ്: ഭാര്യയുടെ പാസ്‌പോർട്ട്, ഗ്രീൻ കാർഡ് തുടങ്ങിയ പ്രധാന രേഖകളുമായി ഭർത്താവ് അമേരിക്കയിലേക്ക് കടന്നതായും, വാട്‌സ്ആപ്പ് വഴി വിവാഹമോചനം നേടിയെന്ന് അറിയിച്ചതായും പരാതി. ഹൈദരാബാദ് സ്വദേശിനിയായ ഹനാ അഹമ്മദ് ഖാൻ (31) ആണ് തന്റെ ഭർത്താവ് മുഹമ്മദ് സൈൻ ഉദ്ദീനെതിരെ (36) ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിംബോലിഅഡ്ഡ സ്വദേശിയും യുഎസ് പൗരത്വവുമുള്ള മുഹമ്മദ് സൈൻ ഉദ്ദീൻ, 2022 ജൂൺ 22ന് ഹൈദരാബാദിലെ ഒരു പള്ളിയിൽ വെച്ചാണ് ഹനയെ വിവാഹം കഴിച്ചത്.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗ്രീൻ കാർഡ്, സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ കരസ്ഥമാക്കിയ ശേഷം 2024 ഫെബ്രുവരിയിൽ ഹന ഭർത്താവുമൊത്ത് അമേരിക്കയിലേക്ക് പോയി. എന്നാൽ, അമേരിക്കയിലെത്തിയ ശേഷം ഒരു വർഷം തികയും മുൻപ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണു. 2025 ഫെബ്രുവരി ഏഴിന് ഇരുവരും ഹൈദരാബാദിൽ തിരിച്ചെത്തി ഒരു ഹോട്ടലിൽ മുറിയെടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീട്ടുകാരെ കാണാനാണെന്ന് പറഞ്ഞ് ഭർത്താവ് തന്നെ അവിടെ ഉപേക്ഷിച്ച് ഹനയുടെ പ്രധാന രേഖകളുമായി അമേരിക്കയിലേക്ക് മടങ്ങിയെന്ന് ഹന ആരോപിക്കുന്നു.

"ഞാൻ തകർന്നുപോയി. എന്നെ ഉപേക്ഷിക്കുക മാത്രമല്ല, അമേരിക്കയിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള എല്ലാ വഴികളും അദ്ദേഹം അടച്ചുകളഞ്ഞു," ഹന സാമൂഹ്യ പ്രവർത്തകരോട് പറഞ്ഞു. തന്നെ വിവാഹമോചനം നേടിയെന്ന് പറഞ്ഞ് ഭർത്താവ് തന്റെ പിതാവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതായും, എപ്പോൾ, എങ്ങനെയാണ് തനിക്ക് വിവാഹമോചനം ലഭിച്ചതെന്ന് പോലും തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിൽ, താൻ ഒറ്റപ്പെട്ടുപോയെന്നും, ഡ്യൂപ്ലിക്കേറ്റ് ഗ്രീൻ കാർഡ് ലഭിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഹന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനെയും സമീപിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് മടങ്ങിപ്പോയി നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഹനയുടെ ആവശ്യം.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും എംബിടി നേതാവുമായ അംജെദ് ഉല്ല ഖാൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. ഡൽഹിയിലെ യുഎസ് എംബസിയും ഹൈദരാബാദിലെ കോൺസുലേറ്റും ഈ വിഷയത്തിൽ ഇടപെട്ട് ഹനയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ഗ്രീൻ കാർഡ് ലഭ്യമാക്കാൻ സഹായിക്കണമെന്നും കേസ് നടത്താൻ അവസരം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News