പതിനാറ് വയസ്സുള്ളപ്പോള്‍ ബ്രിട്ടനില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് കാണാതായി; ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ പലതുമെത്തി; ഒടുവില്‍ അര നൂറ്റാണ്ടിന് ശേഷം ആളെ ജീവനോടെ കണ്ടെത്തി പോലീസ്; ഷീലാ ഫോക്സിന്റെ സ്വകാര്യതയെ മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ്
പതിനാറ് വയസ്സുള്ളപ്പോള്‍ ബ്രിട്ടനില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് കാണാതായി
ലണ്ടന്‍: ബ്രിട്ടനില്‍ നിന്ന് അരനൂറ്റാണ്ടിന് മുമ്പ് കാണാതായ സ്ത്രീയെ ജീവനോടെ കണ്ടെത്തി. 1972 ല്‍ കവന്‍ട്രി സിറ്റി സെന്ററില്‍ നിന്ന് കാണാതായ ഷീലാ ഫോക്സ് എന്ന യുവതിയെ ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പതിനാറ് വയസുളളപ്പോഴാണ് ഇവരെ കാണാതായത്. ഷീലാ ഫോക്സിന്റെ പെട്ടെന്നുള്ള തിരോധാനത്തില്‍ ഏറെ ദുരൂഹത ഉള്ളതായി അന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തന്നേക്കാള്‍ വളരെ പ്രായം കൂടിയ ഒരാളുമായി ഈ പെണ്‍കുട്ടി പ്രണയത്തിലായിരുന്നു എന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്.
അക്കാലത്ത് അവര്‍ അച്ഛനമ്മമാരും ഒത്താണ് കഴിഞ്ഞിരുന്നു. ഇവരുടെ അധികം വിശദാംശങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്ത് വിട്ടിരുന്നുമില്ല. പതിറ്റാണ്ടുകളായി ഇവരെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യവും അല്ലായിരുന്നു. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് വീണ്ടും പോലീസ് അന്വേഷണം ആരംഭിച്ചത് ഈയിടെയാണ്. ഷീലാ ഫോക്സിന്റെ കുട്ടിക്കാലത്തുള്ള ഒരു ഫോട്ടോ പോലീസിന് ലഭിച്ചത്. അങ്ങനെയാണ്
അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.
ഇപ്പോള്‍ 68 വയസുള്ള ഷീല ബ്രിട്ടനില്‍ തന്നെയാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ അവരുമായി ഒടുവില്‍ സംസാരിക്കുകയും ചെയ്തു. ഇതോടെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസിന്റെ അര നൂറ്റാണ്ട് നിന്ന അന്വേഷണത്തിനാണ് തിരശീല വീഴുന്നത്. അതീവ സന്തോഷത്തോടെയാണ് വാര്‍ത്ത പുറത്തു വിടുന്നതെന്നാണ് മിഡ്ലാന്‍ഡ് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷീലോ ഫോക്സിന്റെ ഫോട്ടോ ലഭിച്ചത് തന്നെയാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. ഷീലയുടെ ചിത്രം പോലീസ് അവരുടെ വെബ്സൈറ്റിലും
സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായ പ്രതികരണമാണ് ഉണ്ടായത്. അങ്ങനെ ഷീലാ ഫോക്സിനെ പെട്ടന്ന് തന്നെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അവര്‍ വളരെ സുരക്ഷിതയായി രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുകയാണ് എന്നാണ് പോലീസ് അറിയിക്കുന്നത്. 50 വര്‍ഷം പിന്നിട്ടിട്ടും പലപ്പോഴും സംഭവിക്കാറുള്ളത് പോലെ കേസ് എഴുതിത്തള്ളാതെ പോലീസ് കൃത്യമായി
അന്വേഷണം നടത്തിയതിന്റെ ഫലമാണ് ഈ സംഭവം.
ഓരോ വ്യക്തികളും കാണാതാകുന്ന സംഭവത്തിന് പിന്നില്‍ ഒരു കഥ കാണുമെന്നും അക്കാര്യം അവരുടെ വേണ്ടപ്പെട്ടവര്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നുമാണ് പോലീസ് പറയുന്നത്. ചുരുക്കത്തില്‍ ഷീലാ ഫോക്സിന്റെ തിരോധാനത്തിന്റെ യഥാര്‍ത്ഥ കഥ ഒരു പക്ഷെ പോലീസ് പുറത്തു വിടില്ലെന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന.