കുടിയന്മാരായ ഭര്‍ത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി; ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പരസ്പരം അടുത്തു; വീടുവിട്ടിറങ്ങിയ 'ഭാര്യമാര്‍' പരസ്പരം വിവാഹം കഴിച്ചു; ഗോരഖ്പൂരിലെ ഗ്രാമത്തില്‍ ദമ്പതിമാരായി താമസിക്കുമെന്ന് പ്രതികരണം

മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ ഭാര്യമാര്‍ പരസ്പരം വിവാഹം കഴിച്ചു

Update: 2025-01-25 06:22 GMT

ഖൊരക്പൂര്‍: മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ ഖൊരക്പൂരിലെ രണ്ട് സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു. കവിത, ബബ്ലു എന്നീ യുവതികളാണ് വിവാഹിതരായത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ദിനവും മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താക്കന്മാരുടെ ഉപദ്രവം കാരണം വീടുവിട്ടിറങ്ങിയ ഇരുവരും പരസ്പരം വിവാഹം കഴിക്കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതികള്‍ പരിചയപ്പെട്ടത്. മനസ് തുറന്ന് സംസാരിച്ചപ്പോള്‍ മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനത്തിന് ഇരകളാണ് തങ്ങളെന്ന് മനസ്സിലായി. സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായപ്പോള്‍ ഇരുവരും പരസ്പരം അടുത്തു.

വീട് വിട്ടിറങ്ങി ദേവരിയായിലെ ഛോട്ടി കാശി ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു. ക്ഷേത്ര പുരോഹിതരില്‍ ഒരാള്‍ മുന്‍കൈ എടുത്താണ് വിവാഹം നടത്തി കൊടുത്തത്.

ഖൊരക്പൂരില്‍ തന്നെ വീട് വാടകയ്ക്കെടുത്ത് താമസിക്കാനാണ് തീരുമാനം. ജോലി ചെയ്ത് സ്വയം പര്യാപ്തത നേടി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് യുവതികള്‍ ഒരു പ്രദേശിക മാധ്യമത്തോട് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം സമീപത്തെ ശിവക്ഷേത്രമായ ഛോട്ടി കാശിയില്‍ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തില്‍ ഗുഞ്ജയാണ് ഭര്‍ത്താവിന്റെ സ്ഥാനത്തുനിന്നത്. ഇവര്‍ കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തി. പരസ്പരം മാലയിട്ട ദമ്പതിമാര്‍ ഏഴ് തവണ അഗ്‌നിയ്ക്ക് ചുറ്റും വലംവെയ്ക്കുകയും ചെയ്തു.

തങ്ങള്‍ രണ്ട് പേരും സമാനസാഹചര്യങ്ങള്‍ അനുഭവിച്ചവരാണെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വളരെ പെട്ടെന്ന് അടുത്തു. ഭര്‍ത്താക്കന്മാര്‍ മദ്യപിച്ച് ഉപദ്രവിക്കുന്നതും ഗാര്‍ഹികപീഡനവും അനുഭവിച്ചിരുന്നതിനാല്‍ അതൊക്കെ സംസാരിക്കുമായിരുന്നു എന്നും അവര്‍ പ്രതികരിച്ചു. സിന്ദൂരവും മാലകളും വാങ്ങി ചടങ്ങുകള്‍ ചെയ്ത ശേഷം ഇവര്‍ നിശബ്ദമായി സ്ഥലം വിട്ടെന്ന് ക്ഷേത്ര പൂജാരി ഉമ ശങ്കര്‍ പാണ്ഡെ പ്രതികരിച്ചു.

''ഞങ്ങള്‍ രണ്ട് പേരും ഭര്‍ത്താക്കന്മാരുടെ മദ്യപാനവും ഉപദ്രവവും കാരണം ബുദ്ധിമുട്ടിയവരാണ്. ഇതാണ് ഞങ്ങളെ സമാധാനവും സ്‌നേഹവുമുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഗോരഖ്പൂര്‍ ഗ്രാമത്തില്‍ ദമ്പതിമാരായി താമസിക്കും. വീട് വാടകയ്‌ക്കെടുത്ത് ജീവിതം ആരംഭിക്കാനാണ് ആലോചന.''- ഗുഞ്ജ പറഞ്ഞു.

Tags:    

Similar News