കലിപൂണ്ട ഒരുക്കൂട്ടം സ്ത്രീകൾ; കമ്പുകളും വടികളുമായി ഇരച്ചെത്തുന്നത് കണ്ട് ആളുകൾ പതറി; ഒന്നും നോക്കാതെ പാഞ്ഞെത്തി മദ്യശാല അടിച്ചുതകർക്കുന്ന കാഴ്ച; കുപ്പികൾ എല്ലാം എറിഞ്ഞോടിച്ച് മുഴുവൻ ഭീതി; പിന്നിലെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്

Update: 2025-12-18 10:11 GMT

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ മഹുവ ഗ്രാമത്തിൽ മദ്യശാലയ്‌ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം അക്രമാസക്തമായി. ഗ്രാമത്തിലെ സാമൂഹിക പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണം മദ്യശാലയാണെന്ന് ആരോപിച്ച് നൂറുകണക്കിന് സ്ത്രീകൾ ബുധനാഴ്ച നടത്തിയ പ്രതിഷേധമാണ് ഒടുവിൽ കട പൂർണ്ണമായും അടിച്ച് തകർക്കുന്നതിൽ കലാശിച്ചത്. തങ്ങളുടെ പരാതികൾ അധികൃതർ അവഗണിച്ചതാണ് നിയമം കൈയിലെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

ആഗ്ര-ജയ്‌പൂർ ഹൈവേയിൽ കിരാവലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. പ്രതിഷേധക്കാർ കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറി മദ്യക്കുപ്പികൾ പുറത്തേക്ക് വലിച്ചെറിയുകയും റോഡിലിട്ട് തല്ലിത്തകർക്കുകയും ചെയ്തു. കടയുടെ ബോർഡും പൂർണ്ണമായി നശിപ്പിച്ചു. സ്ത്രീകൾ കടയിലേക്ക് ഇരച്ചെത്തിയതോടെ ജീവനക്കാരൻ ഉള്ളിൽ കയറി വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ചില പുരുഷന്മാരും മദ്യക്കുപ്പികൾ പൊട്ടിക്കാൻ കൂടെ കൂടുന്നതും, മദ്യക്കുപ്പികളുമായി മുങ്ങാൻ ശ്രമിച്ച ചില പുരുഷന്മാരെ സ്ത്രീകൾ പിടികൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മദ്യത്തിന്റെ അമിത ലഭ്യത കുടുംബങ്ങളിൽ വഴക്കുകൾക്കും സാമ്പത്തിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നുവെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിച്ചു. ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് തങ്ങൾക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു. നൂറുകണക്കിന് ഗ്രാമവാസികൾ നോക്കി നിൽക്കെയായിരുന്നു സംഭവം.

പ്രതിഷേധം കനത്തതോടെ പോലീസ് സംഭവസ്ഥലത്തെത്തി സ്ത്രീകളെ പിരിച്ചുവിട്ടു. ആക്രമണത്തിന് നേതൃത്വം നൽകിയ ചിലരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

ജനങ്ങളുടെ പരാതികൾ ന്യായമാണെങ്കിലും നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ മദ്യശാലകൾക്കെതിരെ സ്ത്രീകളുടെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് മദ്യത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട സാമൂഹിക ആശങ്കകൾക്ക് അടിവരയിടുന്നു.

Similar News