ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍

Update: 2025-07-19 16:18 GMT

ഷാര്‍ജ: മലയാളി യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന' ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.




ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. മുന്‍ പ്രവാസിയും ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഡ്രൈവറുമായ രാജശേഖരന്‍ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്. അതുല്യയുടെ സഹോദരി അഖില ഷാര്‍ജ റോളയില്‍ തൊട്ടടുത്താണ് താമസിക്കുന്നത്. അതുല്യ മാനസിക പ്രയാസങ്ങള്‍ പലപ്പോഴായി പറയാറുണ്ടെന്ന് സഹോദരി അഖില പറഞ്ഞു

ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News