ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം; വീഡിയോ കോള്‍ വഴി ഇന്റര്‍വ്യൂ ചെയ്ത് വിദേശ പൗരന്മാര്‍: യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ: പണം പിന്‍വലിച്ചത് കര്‍ണാടകയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം; യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ

Update: 2024-10-20 23:57 GMT

തിരുവനന്തപുരം: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ 42 ലക്ഷം രൂപ തട്ടി. ഓണ്‍ലൈന്‍ പരസ്യത്തില്‍ കുടുങ്ങിയ യുവാവിനാണ് ലക്ഷങ്ങള്‍ നഷ്ടമായത്. യുവാവിന്റെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. പല ഘട്ടങ്ങളിലായാണ് യുവാവില്‍ നിന്നും ഇത്രയധികം പണം തട്ടിയെടുത്തത്.

ന്യൂസീലന്‍ഡിലെ കമ്പനിയിലേക്ക് വെയര്‍ഹൗസ് മാനേജരുടെ തസ്തികയിലേക്ക് ഓണ്‍ലൈനില്‍ പരസ്യം കണ്ട് അപേക്ഷിച്ച യുവാവാണ് തട്ടിപ്പിന് ഇരയായത്.

കമ്പനിയുടെ പ്രതിനിധികളെന്ന പേരില്‍ യുവാവിനെ വിഡിയോ കോള്‍ വഴി ഇന്റര്‍വ്യൂ നടത്തിയതും വിദേശ പൗരന്മാരാണ്. ഇതുകൊണ്ട് തന്നെ യുവാവിന് സംശയങ്ങളൊന്നും തോന്നിയതുമില്ല. ചോദിച്ചപ്പോഴെല്ലാം പണം അയച്ചു നല്‍കി. ഇന്റര്‍വ്യൂ കഴിഞ്ഞ് പിറ്റേന്ന് തന്നെ വീസ ശരിയാണെന്ന് അറിയിക്കുകയും എംബസിയുടെ വ്യാജ ഓഫര്‍ലെറ്റര്‍ ഇമെയില്‍ ചെയ്യുകയും ചെയ്തു. ഓരോ ഘട്ടത്തിലും 3 ലക്ഷം വീതം നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ ഒരു മാസം കൊണ്ടാണ് പല രേഖകളും കൈമാറുന്നതിനൊപ്പം 42 ലക്ഷം രൂപയും അയച്ചു നല്‍കിയത്.

അവസാനം ചെന്നൈയിലെ എംബസിയില്‍ വീസയെത്തിയെന്നും അത് വാങ്ങുന്നതിന് സമയം അനുവദിച്ചു നല്‍കാന്‍ മൂന്ന് ലക്ഷം രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവിന് തട്ടിപ്പാണോ എന്ന് സംശയം തോന്നിയത്. സംശയം തോന്നിയ യുവാവ് നോര്‍ക്കയിലെത്തി തിരക്കിയെങ്കിലും ന്യൂസീലന്‍ഡില്‍ ഇതേപേരില്‍ കമ്പനിയുണ്ടെന്ന മറുപടി ലഭിച്ചു. പക്ഷേ ബാക്കി നടപടികളെക്കുറിച്ച് നോര്‍ക്കയ്ക്കും അറിവുണ്ടായിരുന്നില്ലെന്നു യുവാവ് പറയുന്നു.

തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പണം മുഴുവന്‍ കര്‍ണാടകയിലെ 10 എടിഎമ്മുകളില്‍നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി. ഹെല്‍പ്ലൈന്‍ നമ്പരായ1930 യില്‍ പരാതിപ്പെട്ടപ്പോള്‍ അവസാനം കൈമാറിയ തുകയില്‍ 98,000 രൂപ മരവിപ്പിച്ചുവയ്ക്കാനായി.

Tags:    

Similar News